ലണ്ടനിലെ ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ അപകടകരമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയ കുരുന്നിന്റെ ജീവൻ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപെടുത്തി ഒരു മലയാളി യുവാവ് ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.
മലപ്പുറം ചങ്ങരംകുളം സ്വദേശിയായ മുഹമ്മദ് ജസീൽ ആണ് യുകെ മലയാളികൾക്കാകെ അഭിമാനമായി മാറിയ ഈ സാഹസിക രക്ഷാപ്രവർത്തനം നടത്തിയത്.
കെട്ടിടത്തിന്റെ ഉയരങ്ങളിൽ നിന്ന് ഒരു കുഞ്ഞിന്റെ ഭയന്നുള്ള കരച്ചിൽ കേട്ടാണ് ജസീൽ ആ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത്. നോക്കുമ്പോൾ ഒരു നിമിഷം കൈവിട്ടാൽ താഴേക്ക് പതിക്കാവുന്ന അത്രയും അപകടകരമായ അവസ്ഥയിലായിരുന്നു ആ കുട്ടി നിന്നിരുന്നത്.
ഒട്ടും സമയം കളയാതെ, മറ്റൊന്നും ചിന്തിക്കാതെ ജസീൽ ആ കുഞ്ഞിനടുത്തേക്ക് കുതിക്കുകയും സുരക്ഷിതമായി നെഞ്ചോട് ചേർത്ത് പിടിക്കുകയുമായിരുന്നു.
ശ്വാസമടക്കിപ്പിടിച്ചും നെഞ്ചിടിപ്പോടെയും മാത്രമേ ആർക്കും ഈ ദൃശ്യങ്ങൾ കണ്ടുതീർക്കാനാകൂ. പ്രവാസലോകത്ത് മലയാളിയുടെ ധീരതയുടെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറിയ ജസീലിന്റെ ഈ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
ലണ്ടനിലെ പ്രാദേശിക ജനങ്ങളും മലയാളി സമൂഹവും ചങ്ങരംകുളം നിവാസികളും ഒരേപോലെ ഈ യുവാവിന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.