പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജയകൃഷ്ണൻ പള്ളിക്കലിന് ജാമ്യം. മജിസ്ട്രേറ്റ് കോടതിയാണ് ജയകൃഷ്ണന് ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തിനിടെ ഒരു നോട്ടിസ് പോലും പൊലിസ് നൽകിയില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കേസിലെ ഒന്നാംപ്രതി ബിജു ഉണ്ണിത്താന് മുൻകൂർ ജാമ്യം ലഭിച്ചതും പ്രധാനവാദമായി പ്രതിഭാഗം ഉയർത്തി. പൊലിസ് സ്റ്റേഷനിലെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിരുന്നു.
അടൂർ പൊലിസ് സ്റ്റേഷൻ അതിക്രമ കേസിൽ കുറ്റപത്രം ഉടൻ ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. കേസിൽ ഫെനി നൈനാൻ ഉൾപ്പെടെയുള്ളവർ പ്രതിയാകും. ശ്രീനാദേവി കുഞ്ഞമ്മയെയും കേസിൽ പ്രതിചേർത്തേക്കും. കണ്ടാലറിയാവുന്ന പ്രതികളെ പൊലിസ് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിലായ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ചർച്ചയായതോടെയാണ് പൊലിസ് നടപടികൾ വേഗത്തിലാക്കിയത്. മൂന്നുമാസം മുൻപെടുത്ത എഫ്ഐആറിൽ ഇതുവരെ തുടർനടപടികൾ എടുത്തിരുന്നില്ല.