ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി. തൃപ്പൂണിത്തുറ, റാന്നി, പാലക്കാട്, കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്- എന്‍ഡിഎ മുന്നണികള്‍ തമ്മില്‍ കൃത്യമായ ധാരണയുണ്ടെന്നും ജെബി മേത്തര്‍ ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച കരുവാറ്റ മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും ദേശീയ ശരാശരി 1.5 ശതമാനമായിരിക്കെ കേരളത്തില്‍ അത് 9.5 ശതമാനമാണെന്നും ജെബി മേത്തര്‍ പറഞ്ഞു.
മാവേലി സ്റ്റോറുകളിലും ലാഭം സ്‌റ്റോറുകളിലും സാധനങ്ങളില്ലാത്ത അവസ്ഥയാണെന്നും പൊതുവിതരണ രംഗത്ത് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.