മലയാളിയുടെ മനം കവർന്ന സ്വർണവിപണിയിൽ ആശ്വാസത്തിന്റെ നാളുകൾ. ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്ന് കുതിച്ചുയർന്ന സ്വർണവില റിക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ശേഷം ഒടുവിൽ വീണ്ടും ഒരു ലക്ഷത്തിന് താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. ഈ വിലയിടിവ് സാധാരണക്കാരിലും ആഭരണപ്രേമികളിലും നിക്ഷേപകരിലും ഒരുപോലെ വലിയ ആശ്വാസവും കൗതുകവുമാണ് ഉണർത്തിയിരിക്കുന്നത്.
കേരളത്തിൽ 22 കാരറ്റ് സ്വർണം ഒരു പവന് ആദ്യമായി 1,04,440 രൂപയെന്ന റെക്കോർഡിലെത്തിയത് 2025 ഡിസംബർ അവസാനവാരത്തിലാണ്. തുടർന്ന് 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിപണി കൂടുതൽ ചൂടുപിടിക്കുകയും ജനുവരി 29-ഓടെ സ്വർണവില പവന് 1,31,160 രൂപ (ഗ്രാമിന് 16,395 രൂപ) എന്ന എക്കാലത്തെയും ഉയർന്ന റിക്കോർഡിൽ എത്തിനിൽക്കുകയും ചെയ്തു. കൊവിഡ് കാലഘട്ടത്തിന്റെ തുടക്കത്തിൽ (2020) പവന് 32,000 രൂപ മാത്രമുണ്ടായിരുന്ന സ്വർണമാണ് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇത്തരത്തിൽ കുതിച്ചുയർന്നത്.
വില ലക്ഷം കടന്ന് മുന്നേറിയപ്പോൾ കേരളത്തിലെ വിവാഹ വിപണിയും സാധാരണക്കാരും കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. വലിയ തോതിൽ ആഭരണങ്ങൾ വാങ്ങുന്നതിന് പകരം ചെറിയ അളവിലുള്ള നാണയങ്ങൾ വാങ്ങുന്നതിലേക്കും പഴയ സ്വർണം മാറ്റി പുതിയത് തീർക്കുന്നതിലേക്കും ആളുകൾ ശ്രദ്ധ തിരിച്ചു. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങേണ്ട കുടുംബങ്ങൾ പലരും വായ്പകളെയും മറ്റുമാണ് ആശ്രയിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും സംഘർഷങ്ങളും ആഗോള വിപണിയിൽ സ്വർണത്തിന്റെ ആവശ്യകത കുത്തനെ ഉയർത്തി. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം ശക്തമാക്കാൻ വൻതോതിൽ സ്വർണം വാങ്ങി കൂട്ടിയതും വില വർധനവിന് ആക്കം കൂട്ടി.
ആഗോള വിപണിയിലെ മാറ്റങ്ങൾക്കും ചെറിയ തിരുത്തലുകൾക്കും ഒടുവിൽ സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയിൽ താഴെയെത്തിയിരിക്കുകയാണ്. ഈ വർഷം രണ്ടാം തവണയാണ് പവൻ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തുന്നത്. നേരത്തെ മാർച്ച് 23-ന് സ്വർണവില പവന് 99,480 രൂപയെന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,740 രൂപയും ഒരു പവൻ സ്വർണത്തിന് 99,760 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വില ഒരു ലക്ഷത്തിന് താഴേക്ക് കുറഞ്ഞിരിക്കുന്നത് വിപണിയിൽ പുതിയ ഉണർവ് ഉണ്ടാക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ചെറുകിട നിക്ഷേപകർക്കും ഈ വിലയിടിവ് സുവർണാവസരമാണ് സമ്മാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് സ്വർണവിലയിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് നിക്ഷേപകരും പൊതുജനങ്ങളും.