രാജസ്ഥാനിലെ ജോധ്പൂരിൽ മഹിന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനമായ എസ്.യു.വി 9e റെയിൽവേ പാളത്തിൽ കുടുങ്ങിയ സംഭവം വലിയ ആശങ്കയ്ക്കും കൗതുകത്തിനും ഇടയാക്കിയിരിക്കുകയാണ്.
നഗരത്തിലെ ബിജെഎസ് മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം ഒരു മോട്ടോർസൈക്കിളുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടങ്ങളുടെ പരമ്പരയ്ക്ക് തുടക്കമായത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഡ്രൈവറായ സ്ത്രീക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും, കാർ തൊട്ടടുത്തുള്ള കാൽവി പ്യാവു റെയിൽവേ ക്രോസിംഗിലെ സുരക്ഷാ ബാരിയർ തകർത്ത് നേരിട്ട് ട്രാക്കിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.
ട്രാക്കിൽ അകപ്പെട്ട വാഹനം സുരക്ഷിതമായി പുറത്തെത്തിക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും, തിരിക്കാനും പിന്നോട്ടെടുക്കാനുമുള്ള ശ്രമങ്ങൾക്കിടെ കാറിന്റെ ഒരു ടയർ റെയിൽവേ പാളങ്ങൾക്കിടയിൽ ഉറച്ചുപോയി.
ഇതോടെ വാഹനം അനക്കാനാവാത്ത അവസ്ഥയിലായി. മഹാമന്ദിർ പ്രദേശത്ത് നടന്ന ഈ സംഭവത്തിന് പിന്നാലെ വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു.
തൊട്ടടുത്തുള്ള സമാന്തര പാളത്തിലൂടെ ജോധ്പൂർ-ജയ്പൂർ ട്രെയിൻ കടന്നുപോയെങ്കിലും, സമയബന്ധിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ പ്രദേശത്തെ ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ച പൊലിസ്, പിന്നീട് വാഹനം റെയിൽവേ പാളത്തിൽ നിന്നും നീക്കം ചെയ്തു.
മുൻഭാഗവും ഇടതുവശവും പൂർണമായി തകർന്ന നിലയിലാണ് ഈ ഇലക്ട്രിക് എസ്.യു.വി ഉള്ളത്. അപകടത്തിന് കാരണം ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എന്നാൽ സംഭവത്തെക്കുറിച്ച് മഹിന്ദ്ര കമ്പനിയോ റെയിൽവേ ഉദ്യോഗസ്ഥരോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.