രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന വിവാഹാഘോഷം തീപിടുത്തത്തെത്തുടർന്ന് പരിഭ്രാന്തിയിലായി. പാൽ റോഡിലെ എമ്പയർ റിസോർട്ടിൽ മെയ് ആറിന് വൈകുന്നേരമാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
വിവാഹച്ചടങ്ങിനിടെ സ്റ്റേജിൽ ഉപയോഗിച്ച കോൾഡ് ഫയർ, അലങ്കാര വസ്തുക്കളിലേക്ക് പടർന്നതാണ് അപകടത്തിന് കാരണമായത്. മാല ചാർത്തിയതിന് തൊട്ടുപിന്നാലെ സ്റ്റേജിലെ പ്ലാസ്റ്റിക് പൂക്കളിലും തുണികളിലും തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും ചെയ്തു.
വധുവും വരനും വേദിയിൽ നിന്ന് ഉടൻ തന്നെ ഓടി മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അവിടെയുണ്ടായിരുന്ന അതിഥികൾ ഉടൻ തന്നെ വെള്ളമുപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, സന്തോഷകരമായ നിമിഷങ്ങൾക്കിടെയുണ്ടായ ഈ സംഭവം വിവാഹത്തിനെത്തിയവരെ ഏറെ പരിഭ്രാന്തരാക്കി. നിലവിൽ ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആഡംബര വിവാഹങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ഗൗരവത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Tags : JodhpurWeddingFire WeddingNews JodhpurNews BreakingNews ViralVideo