വീഡിയോയിൽ നിന്നുമുള്ള ചിത്രം
ദീപാവലി ആഘോഷങ്ങളുടെ ആവേശം നിറഞ്ഞുനിൽക്കുന്ന ദിവസങ്ങളിൽ, വീട്ടുപടിക്കൽ തയാറാക്കിയ വർണാഭമായ രംഗോലി അബദ്ധത്തിൽ തകർത്തതിന് ശേഷം അത് സ്വയം ഭംഗിയായി പുനർനിർമ്മിച്ച ഒരു ഡെലിവറി ജീവനക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
പാഴ്സൽ ഡെലിവറി ചെയ്യാനെത്തിയ യുവാവ് മടങ്ങിപ്പോകുന്നതിനിടയിൽ അറിയാതെ രംഗോലിയിൽ ചവിട്ടിപ്പോവുകയായിരുന്നു. എന്നാൽ അത് അങ്ങനെ അവിടെ ഉപേക്ഷിച്ചു പോകാതെ, താൻ വരുത്തിയ പാടുകൾ ഓരോന്നായി ശ്രദ്ധയോടെ പരിഹരിക്കാൻ അയാൾ തയ്യാറായി.
ഒരു പരാതിക്ക് ഇടയാക്കുമോ എന്ന ആശങ്ക കൊണ്ടോ അതോ മറ്റൊരാളുടെ അധ്വാനത്തോടുള്ള ആദരവ് കൊണ്ടോ ആകാം, തിരക്കുപിടിച്ച ജോലിക്കിടയിലും സമയം കണ്ടെത്തി അയാൾ ആ കലാസൃഷ്ടി പഴയപടിയാക്കാൻ ശ്രമിച്ചു.
സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്ന ഈ കാഴ്ച നിരവധി പേരുടെ ഹൃദയമാണ് കീഴടക്കിയിരിക്കുന്നത്. മറ്റുള്ളവരുടെ പ്രയത്നങ്ങളെ മാനിക്കാനും തെറ്റുകൾ സ്വയം തിരുത്താനും കാണിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങളാണ് ഉത്സവകാലത്തെ കൂടുതൽ അർഥവത്താക്കുന്നത് എന്നാണ് വീഡിയോ കണ്ടവരുടെയെല്ലാം പക്ഷം.
Tags : ViralMoments HeartwarmingStory DiwaliMagic DeliveredWithCare RangoliRestored RandomActsOfKindness