വീഡിയോയിൽ നിന്നുമുള്ള ചിത്രം
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള മികവു കൊണ്ട് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള ഒരു മുതിർന്ന ഓട്ടോറിക്ഷാ ഡ്രൈവർ. ഉയർന്ന വിദ്യാഭ്യാസമോ ഔദ്യോഗിക പശ്ചാത്തലമോ ഇല്ലാതെ തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ വീണ്ടും വൈറലായതോടെയാണ് ഈ പ്രതിഭയെ ലോകമറിഞ്ഞത്.
ഭൂഷൺ പൊഹാനെ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് മുൻപ് പകർത്തി പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നത്. ഓട്ടോയ്ക്ക് സമീപം നിന്ന ചെറുപ്പക്കാരനോട് അന്താരാഷ്ട്ര തലത്തിൽ ആശയവിനിമയം നടത്താൻ ഇംഗ്ലീഷ് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ലളിതമായി വിശദീകരിച്ചു നൽകുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ ചെന്നാൽ പ്രാദേശിക ഭാഷകൾ ഉപകരിക്കില്ലെന്നും ഒരു ഗ്ലാസ് വെള്ളം ചോദിക്കാൻ പോലും ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം സ്വന്തം ശൈലിയിൽ ഓർമ്മിപ്പിക്കുന്നു. ഓട്ടോ ഡ്രൈവറുടെ അനയാസമായ സംസാരരീതിയും വ്യക്തതയും കേട്ട് താൻ പോലും അല്പം അമ്പരന്നുപോയെന്നാണ് വീഡിയോ പങ്കുവെച്ച വ്യക്തി കുറിച്ചത്.
നാട്ടുകാർക്കിടയിൽ 'യാദവ് ചാച്ച' എന്നറിയപ്പെടുന്ന ഇദ്ദേഹം അമരാവതിക്കാർക്ക് ഏറെ പ്രിയങ്കരനാണ്. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെങ്കിലും എപ്പോഴും പോസിറ്റീവായ മനോഭാവം പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വഴിയിൽ കാണുന്നവരെ ഇംഗ്ലീഷിൽ ആശംസകൾ അറിയിക്കുന്നതും അദ്ദേഹത്തിന്റെ വർഷങ്ങളായുള്ള ശീലമാണ്.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ സംസാരശൈലിയോട് ഉപമിച്ചാണ് പലരും സോഷ്യൽ മീഡിയയിൽ ഈ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദനങ്ങൾ ചൊരിയുന്നത്. ഭാഷ പ്രയോഗിക്കാനുള്ള ആഗ്രഹത്തിനും ആത്മവിശ്വാസത്തിനും വയസോ ജോലിയോ തടസമല്ലെന്ന് തെളിയിക്കുകയാണ് ഈ മുതിർന്ന വ്യക്തിത്വം.
Tags : InspirationalStory YadavChacha AmravatiAutoDriver ViralEnglishDriver FluentEnglish MaharashtraViral