കോൽക്കത്ത: വിഖ്യാത ചിത്രകാരൻ ജോഗൻ ചൗധരി (87) അന്തരിച്ചു. കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹം രക്താർബുദബാധിതനായിരുന്നു. ഒരാഴ്ച മുന്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2014 മുതൽ 2020 വരെ തൃണമൂൽ കോൺഗ്രസ് നോമിനിയായി ചൗധരി രാജ്യസഭാംഗമായി.
പദ്മശ്രീ, പദ്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ചൗധരിയെ ആദരിച്ചു. 2012ൽ ബംഗാളിലെ പരമോന്നത ബഹുമതികളിലൊന്നായ ബംഗ ബിഭൂഷൺ ജോഗൻ ചൗധരിക്കു ലഭിച്ചു.
അവിഭക്ത ബംഗാളിലെ ദഹാർപാറ ഗ്രാമത്തിൽ 1930 ഫെബ്രുവരി 16നാണ് ജോഗൻ ചൗധരി ജനിച്ചത്. വിഭജനത്തിനുശേഷം ചൗധരിയുടെ കുടുംബം കോൽക്കത്തയിലെത്തി. 1960കളുടെ അവസാനം ചിത്രകല പഠിക്കാനായി ചൗധരി പാരീസിലേക്കു പോയി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി.