ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സാമൂഹിക - സാംസ്കാരിക പ്രവർത്തകനും ഫോമയുടെ ആദ്യകാല നേതാക്കളിലൊരാളുമായ ജോൺ സി. വർഗീസിന് (സലിം) സമ്മാനിച്ചു.
ഹൂസ്റ്റണിൽ നടന്ന ഫോമ കൺവൻഷനിലാണ് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചത്. ഫോമയുടെ വളർച്ചയ്ക്കും മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിനും നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ബഹുമതി.
ഫോമയുടെ വളർച്ചയുടെ നിർണായക ഘട്ടമായിരുന്ന ലാസ് വെഗാസ് കൺവൻഷന്റെ ജനറൽ സെക്രട്ടറിയായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സലിം, ഫോമയുടെ പ്രാരംഭകാലത്ത് തന്നെ സംഘടനയെ ശക്തമായ വളർച്ചയുടെ പാതയിലേക്ക് നയിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു.
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ സിൽവർ ജൂബിലി അവാർഡ്, തിരുവല്ല മുനിസിപ്പൽ കൗൺസിലിന്റെ പ്രത്യേക അംഗീകാരം, 2012-ൽ ഇന്ത്യ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി നൽകിയ "ഗ്ലോറി ഓഫ് ഇന്ത്യ' പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച ബഹുമതികളിൽ ചിലതാണ്.
ചെങ്ങന്നൂരിലെ അനുപമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്ഥാപക പ്രസിഡന്റ്, താലൂക്ക് ട്രേഡ് യൂണിയൻ വർക്കേഴ്സ് ഓർഗനൈസേഷന്റെ സ്ഥാപക പ്രസിഡന്റ്, കേരള ബാങ്ക് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
ചെങ്ങന്നുർ താലൂക്ക് ആശുപത്രിയിൽ സ്വാന്തനം പദ്ധിതിയുടെ ഭാഗമായി അന്നദാനം നടത്തുന്നതിലും സലിം നേതൃത്വം നൽകിയിരുന്നു.