സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അക്കാദമിക ബിരുദം മാത്രം തൊഴിൽവിജയത്തിന് മതിയാകില്ല. വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ, പ്രായോഗിക പരിചയം, പ്രശ്നപരിഹാരശേഷി, ആശയവിനിമയ മികവ്, സംഘമായി പ്രവർത്തിക്കാനുള്ള കഴിവ്, നവീകരണ മനോഭാവം എന്നിവയും വിദ്യാർഥികളുടെ തൊഴിൽസജ്ജതയിൽ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ പ്രസക്തിയേറുന്നത്.
ക്ലാസ് മുറിയിൽ ലഭിക്കുന്ന അറിവ് യഥാർഥ തൊഴിൽസാഹചര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മൂല്യം പൂർണമാകുന്നത്. അതുകൊണ്ടുതന്നെ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർഷിപ്പ് ഇന്ന് ഒരു അധിക സൗകര്യമല്ല; ഭാവിയിലെ തൊഴിൽലോകത്തെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്നതിനുള്ള അനിവാര്യതയാണ്.
പാഠ്യപദ്ധതിയും തൊഴിൽ ലോകവും
ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള അർഥവത്തായ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്നുണ്ട്. വ്യവസായത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിലും ഇന്റേൺഷിപ്പുകൾ, ലൈവ് പ്രോജക്ടുകൾ, ഗവേഷണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഈ സഹകരണത്തിന് വലിയ പങ്കുവഹിക്കാനാകും. വിദ്യാർഥികൾ പഠിക്കുന്ന ആശയങ്ങൾ യഥാർഥ വ്യവസായപ്രശ്നങ്ങളിൽ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമ്പോൾ അവരുടെ പഠനം കൂടുതൽ ആഴമുള്ളതും പ്രസക്തവുമാകുന്നു. പുസ്തകപരമായ അറിവിനൊപ്പം പ്രായോഗിക പരിചയവും ലഭിക്കുന്നത് തൊഴിൽ ലോകത്തേക്കുള്ള അവരുടെ മാറ്റം സുഗമമാക്കുന്നു.
എഐ പല മേഖലകളിലും മനുഷ്യന്റെ കഴിവുകളെ മറികടക്കാൻ സാധ്യതയുണ്ടെങ്കിലും മനുഷ്യന്റെ സർഗാത്മകത, ധാർമികബോധം, സഹാനുഭൂതി, നേതൃപാടവം, മൂല്യബോധം തുടങ്ങിയവയ്ക്ക് അതേ രീതിയിൽ പകരക്കാരനാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഭാവിയിലെ വിദ്യാഭ്യാസം സാങ്കേതിക നൈപുണ്യങ്ങൾക്കൊപ്പം മനുഷ്യ കഴിവുകൾക്കും തുല്യപ്രാധാന്യം നൽകേണ്ടതുണ്ട്.
മാർക്കിനപ്പുറമുള്ള കഴിവുകൾ
തൊഴിൽദാതാക്കളുടെ സമീപനത്തിലും ഇതിനകം വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. മികച്ച മാർക്കുകൾ പ്രധാനമാണെങ്കിലും അതിനപ്പുറം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും പരിഹാരം കണ്ടെത്താനും കഴിയുന്നവരെയാണ് സ്ഥാപനങ്ങൾ തേടുന്നത്. ടീം വർക്ക്, ആശയവിനിമയം, നേതൃശേഷി, പഠിച്ചുകൊണ്ടിരിക്കാനുള്ള മനോഭാവം, പുതിയ സാങ്കേതികവിദ്യകളോട് ഇണങ്ങാനുള്ള കഴിവ് എന്നിവയ്ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്.
ഈ കഴിവുകൾ വികസിപ്പിക്കുന്നതിൽ വ്യവസായ-വിദ്യാഭ്യാസ സഹകരണത്തിന് നിർണായക പങ്കുണ്ട്. ഇത്തരം പങ്കാളിത്തങ്ങളിലൂടെ വിദ്യാർഥികൾക്ക്:
- വ്യവസായത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി കൂടുതൽ പ്രസക്തമാക്കാൻ കഴിയും.
- ഇന്റേൺഷിപ്പുകളിലൂടെയും ലൈവ് പ്രോജക്ടുകളിലൂടെയും പ്രായോഗിക പരിചയം നേടാം.
- വ്യവസായ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും അവരുടെ അനുഭവങ്ങളിൽനിന്ന് പഠിക്കാനും അവസരം ലഭിക്കും.
- സംയുക്ത ഗവേഷണത്തിനും നവീകരണത്തിനും അവസരങ്ങൾ സൃഷ്ടിക്കാം.
- തൊഴിൽസാധ്യതകളും പ്ലേസ്മെന്റ് അവസരങ്ങളും മെച്ചപ്പെടുത്താം.
- സംരംഭകത്വ മനോഭാവം വളർത്തിയെടുക്കാം.
പ്ലേസ്മെന്റിനപ്പുറം സഹകരണം
വ്യവസായ-വിദ്യാഭ്യാസ പങ്കാളിത്തം ഏതാനും പ്ലേസ്മെന്റ് പരിപാടികളിലോ കാമ്പസ് റിക്രൂട്ട്മെന്റുകളിലോ മാത്രം ഒതുങ്ങരുത്. വ്യവസായത്തിന്റെ യഥാർഥ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഗവേഷണം, അധ്യാപകർക്കുള്ള വ്യവസായപരിശീലനം, സംയുക്ത ലബോറട്ടറികൾ, വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ, തുടർച്ചയായ നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലേക്കും ഈ സഹകരണം വ്യാപിക്കണം.
പ്രത്യേകിച്ച്, കേരളം പോലുള്ള സംസ്ഥാനത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനവിഭാഗവും ശക്തമായ അക്കാദമിക് സ്ഥാപനങ്ങളും വളർന്നുവരുന്ന സ്റ്റാർട്ടപ്പ്-ടെക്നോളജി മേഖലയുമുള്ള കേരളത്തിന് വ്യവസായവും വിദ്യാഭ്യാസവും കൂടുതൽ അടുത്ത് പ്രവർത്തിച്ചാൽ വലിയ നേട്ടമുണ്ടാക്കാനാകും.