ചാരുംമൂട്: കൊല്ലം ബൈപാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ കൊല്ലം -തേനി ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനുള്ള സംയുക്ത സ്ഥലപരിശോധനയ്ക്ക് തുടക്കമായി. കൊല്ലം-ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ വയ്യാങ്കരയിൽനിന്ന് ആരംഭിച്ച പരിശോധനയിൽ ആലപ്പുഴ ജില്ലയിലെ താമരക്കുളം, ചുനക്കര, വെട്ടിയാർ, ചെറിയനാട്, ആല, പെണ്ണുക്കര എന്നീ ആറു വില്ലേജുകളിലെ പ്രാഥമിക സർവേ പൂർത്തിയാക്കി. ദേശീയപാത അഥോറിറ്റി ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഭൂമി ഏറ്റെടുക്കൽ വിഭാഗവും പദ്ധതിയുടെ കൺസൾട്ടൻസിയും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പുതിയ അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിരുകൾ, സർവേ നമ്പറുകൾ, കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ, കുടിവെള്ള പൈപ്പുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് നടപടികൾ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിസംബർ 20നകം സംയുക്ത സ്ഥലപരിശോധനയും വിവരങ്ങളുടെ സ്ഥിരീകരണവും പൂർത്തിയാക്കി ഡിസംബർ 31നു മുമ്പ് പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളാണ് ലക്ഷ്യമിടുന്നത്.