കോഴിക്കോട്: വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും വനം-റവന്യു വകുപ്പുകള്‍ പരസ്പരവിരുദ്ധവും വ്യത്യസ്തവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതു സര്‍ക്കാരിനു തിരിച്ചടിയാകുന്ന സാഹചര്യത്തില്‍ പരിഹാരമായി സംയുക്ത സമിതി.
ലാന്‍ഡ് റവന്യു കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്റ്) എന്നിവരടങ്ങുന്നതാണു സമിതി. വനം- റവന്യു വകുപ്പുകള്‍ കക്ഷികളാകുന്ന കേസുകളില്‍ കോടതികളില്‍ സമര്‍പ്പിക്കുന്ന വാദഗതികളും സത്യവാങ്മൂലവും പരസ്പരവിരുദ്ധമല്ലെന്ന് ഉറപ്പുവരുത്തുകയാണു സമിതിയുടെ പ്രധാന ലക്ഷ്യം.
തര്‍ക്കവിഷയങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് നിയമനടപടികള്‍ക്കായി സര്‍ക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. ഓഗസ്റ്റില്‍ വനം-റവന്യു മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സംയുക്തി സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഭരണ സംവിധാനത്തിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെടുകയും സര്‍ക്കാരിനു വലിയ തിരിച്ചടികള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിതല യോഗം.
കോടതികളില്‍ പരസ്പരവിരുദ്ധമായ നിലപാടുകള്‍ വരുന്നത് ഭരണനിര്‍വഹണത്തിലെ ഏകോപനമില്ലായ്മയും അവ്യക്തതയുമാണ് തുറന്നുകാട്ടുന്നത്. ഇത് ജനങ്ങള്‍ക്കിടയിലും കോടതിക്ക് മുന്നിലും സര്‍ക്കാരിന്റെ വിശ്വസ്തതയെ ബാധിക്കും. കൃത്യമായ പൊതുനിലപാട് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇല്ലാത്തപക്ഷം എതിര്‍കക്ഷികള്‍ക്ക് അത് ആയുധമായി മാറും.
വകുപ്പുകള്‍ തമ്മിലുള്ള ഭിന്നത ചൂണ്ടിക്കാട്ടി പ്രതികൂല വിധികള്‍ ഉണ്ടാകാനും പലപ്പോഴും സര്‍ക്കാരിന് വന്‍ തുക പിഴയോ നഷ്ടപരിഹാരമോ നല്‍കേണ്ട സാഹചര്യം ഉണ്ടാകാനും ഇത് വഴിവയ്ക്കും.