തൊടുപുഴ: വര്‍ഷങ്ങള്‍ക്കു മുമ്പ് പിതാവ് നല്കിയ ഒരു ചെറുതേനീച്ചപ്പെട്ടിയില്നിന്നായിരുന്നു കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ സ്വദേശിയായ കൂട്ടുങ്കല്‍ ജോമി തോമസിന്റെ തുടക്കം.
രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ സൂഷ്മപഠനത്തിലൂടെ കണ്ടെത്തിയ അറിവുകള്‍ പ്രയോജനപ്പെടുത്തിയാണ് ജോമി തേന്‍കൃഷിയില്‍ വിജയഗാഥ രചിച്ചത്. ചെറുപ്പംമുതല്‍ തേനും തേനീച്ചയും ഏറെ ഇഷ്ടമായിരുന്നു. അതിനാല്‍ തേന്‍കൃഷിയില്‍ പുത്തന്‍ പരീക്ഷണം നടത്താന്‍ ജോമി തയാറായി.
സിബിഎസ്ഇ സ്കൂളുകളിലെ പാര്‍ട്ട് ടൈം ചിത്രകലാ അധ്യാപകന് കൂടിയായ ജോമി ഇങ്ങനെ ലഭിച്ച പ്രായോഗിക അറിവുകളാണ് തേനീച്ചകൃഷിയില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. തേനീച്ചകളുടെ സ്വഭാവം, ഭക്ഷണരീതി, തേന്‍ നിര്‍മാണം, വ്യത്യസ്ത ഇനം തേനീച്ചകളുടെ സവിശേഷതകള്‍ എന്നിവയെല്ലാം നിരീക്ഷിച്ചാണ് ഈ കര്ഷകന് തേനീച്ചപരിപാലനത്തില് സ്വന്തമായ പാത വെട്ടിത്തുറന്നത്.
250 തേനീച്ചക്കോളനികള്‍
ലളിതമായിആരംഭിച്ച ചെറുതേനീച്ചകൃഷി ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ച് 250 തേനീച്ച കോളനിയില്‍ എത്തിക്കാന്‍ ഇദ്ദേഹത്തിനായി. ബി-ഹണി ഇടുക്കി എന്ന ബ്രാന്‍ഡിലാണ് ചെറുതേന്‍ വിപണനം നടത്തിവരുന്നത്. കിലോയ്ക്ക് ശരാശരി 3,000 രൂപയ്ക്കാണ് വില്‍പ്പന.
അനുകൂല കാലാവസ്ഥ തേന്‍ ഉത്പാദനത്തിന് പ്രധാനമാണ്. വീടിനോടു ചേര്‍ന്ന അരയേക്കര്‍ പുരയിടത്തില്‍ ജാതി, കൊക്കോ, തെങ്ങ്, കുരുമുളക്, റംബുട്ടാന്, തന്നാണ്ടു കൃഷികള്‍ എന്നിവയ്ക്കൊപ്പമാണ് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. തേന്‍ വിപണനത്തിലൂടെ മികച്ച വരുമാനമാണ് ഇദ്ദേഹം സ്വന്തമാക്കുന്നത്. ശുദ്ധമായ തേനായതിനാല്‍ ആവശ്യക്കാർ കൂടുതലാണ്. തേനിന്റെ ഗുണനിലവാരം തിരിച്ചറിയുന്നതിന് ആവശ്യമായ അറിവുകളും ഇദ്ദേഹം ഉപയോക്താക്കള്‍ക്ക് കൈമാറിവരുന്നു.
പരിപാലനം
മറ്റു ജോലികള്‍ക്കിടയിൽ ആയാസമില്ലാതെ ചെയ്യാന്‍ കഴിയുന്നു എന്നതാണ് തേനീച്ച കൃഷിയുടെ പ്രത്യേകത. വീടിനോടു ചേര്‍ന്ന ഭാഗത്തും പുരയിടങ്ങളിലും മഴ നനയാതെ സൂക്ഷിക്കാനായാല്‍ എത്ര കോളനി വേണമെങ്കിലും സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ജോമി പറയുന്നത്. കൃഷിയിടങ്ങളില്‍ സ്റ്റാൻഡില്‍ ഉറപ്പിച്ചും വീടിന്റെ ഇറമ്പില്‍ വള്ളിയില്‍ കെട്ടിത്തൂക്കിയും കൂടുകള്‍ സ്ഥാപിക്കാം.
കൂടിനുള്ളില്‍ ഈര്‍പ്പം തട്ടിയാല്‍ ഈച്ചകള്‍ ചത്തുപോകുകയോ കൂട് ഉപേക്ഷിച്ച് പോകുകയോ ചെയ്യാന്‍ സാധ്യത ഏറെയാണ്. ഇതോടൊപ്പം മുട്ടകളില്‍ പൂപ്പല്‍ ബാധിക്കുകയും മുട്ട വിരിയാതിരിക്കുകയും ചെയ്യും. അതിനാല്‍ ഏറെ ശ്രദ്ധ ഇക്കാര്യത്തില്‍ അനിവാര്യമാണ്. അമിതമായ ചൂടും ദോഷം ചെയ്യും.
കൂടുകളുടെ പ്രവേശന കവാടങ്ങള്‍ തമ്മില്‍ ഒരടി അകലമെങ്കിലും വേണം. തേനീച്ചകള്‍ അവരവരുടെ സ്വന്തം കൂടുകള്‍ കണ്ടെത്തുന്നത് ഗന്ധം, ശബ്ദം എന്നിവയിലൂടെയാണ്. ഒരോ കൂട്ടിലേയും ഈച്ചകള്‍ക്ക് വ്യത്യസ്ത ഗന്ധമാണുള്ളത്. സ്വന്തം കൂട്ടിലെ ഈച്ചകളെ തിരിച്ചറിയുന്നതും ഇതിലൂടെയാണ്.
കൂട് നിര്‍മാണം
തേനീച്ചക്കൂട് നിര്‍മിക്കുന്ന കാര്യത്തിലും ഏറെ ശ്രദ്ധയും കരുതലും ആവശ്യമുണ്ടെന്നാണ് ജോമിയുടെ അഭിപ്രായം. മുള ഉപയോഗിച്ച് നിര്‍മിക്കുന്ന കൂടുകളാണ് ചെറുതേനീച്ചകള്‍ക്ക് ഏറ്റവും അനുയോജ്യം. ഇതിലെ ശീതളിമ പകരുന്ന അന്തരീക്ഷം തേനീച്ചകള്‍ക്ക് ഏറെ സഹായകരമാണ്. ഇതിനുപുറമേ കറയുള്ള മരങ്ങളുടെ പലക ഉപയോഗിച്ച് കൂട് നിര്‍മിച്ചാല്‍ കൂടുതല്‍ തണുപ്പ് നിലനില്ക്കും. ചെറിയ കൂടുകള്‍ക്ക് സ്ഥല പരിമിതി ഉള്ളതിനാല്‍ റാണിഈച്ച കൂടുതല്‍ റാണിമുട്ടകളിട്ട് വിരിയിക്കുമ്പോൾ സെറ്റ് പിരിക്കല്‍ നടത്തും. അതിനാല്‍ വലിപ്പമുള്ള കൂടുകളാണ് അനുയോജ്യം. അല്ലെങ്കില്‍ തേനിന്റെ ഉത്പാദനം കുറയും.
പൊടിക്കൈയുമായി ജോമി
കൂടിനുള്ളിലെ ചെറുതേനീച്ചകളെ വിഭജിക്കാതെയാണ് കൂടുകള്‍ പിരിച്ചുവയ്ക്കുന്നത്. ഇങ്ങനെ ചെയ്താല്‍ മാതൃപെട്ടിയില്നിന്നു കിട്ടേണ്ട തേനിന്റെ അളവില്‍ കുറവു വരുന്നില്ല എന്നതാണ് ഈ രീതിയുടെ മേന്മ. കുടി പിരിഞ്ഞുവരുന്ന ചെറുതേനീച്ചകളെ പെട്ടി വച്ച് ദിവസങ്ങളോളം കാത്തിരിക്കാതെ അപ്പോള്‍തന്നെ പുതിയ കൂട്ടിലാക്കുന്ന രീതിയും കൗതുകകരമാണ്. ആരും ഇതുവരെ ചെയ്യാത്തതാണ് ഈ മാന്ത്രികക്കാഴ്ച.
ക്ഷയിച്ചുവരുന്ന കൂടുകളെ സജീവമാക്കാന്‍ ഒന്നിലധികം കൂടുകളിലെ ഈച്ചകളെ തമ്മില്‍ ഒന്നിച്ചു ചേര്‍ക്കുന്നതും ജോമിയുടെ ശൈലിയാണ്. ഇങ്ങനെ നാലുകൂടുകളെ തമ്മില്‍ യോജിപ്പിച്ച് സജീവമാക്കിയ കൂടുകള്‍ നിലവില്‍ ഇദ്ദേഹത്തിനുണ്ട്. കെണിക്കൂട് വയ്ക്കാതെതന്നെ കെണിയില്‍പ്പെടുത്തുന്ന വിദ്യയും ജോമിയുടെ കൈയിലുണ്ട്. ആറു മാസം കാത്തിരിക്കാതെ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ഇതു വിജയമോ പരാജയമോ എന്നറിയാന്‍ കഴിയുമെന്നാണ് ജോമി പറയുന്നത്.
ഹണിഫാമിലെത്തുന്നത് നിരവധിപ്പേര്‍
ചെറുതേനീച്ചകൃഷിരീതികള് പഠിക്കുന്നതിനായി ധാരാളംപേര്‍ ഹണി ഫാം സന്ദര്‍ശിക്കാറുണ്ട്. കൊച്ചുകുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയംകൂടാതെ ചെറുതേനീച്ചക്കൂടിനുള്ളിലെ പ്രവര്‍ത്തനങ്ങളെല്ലാം കാണുന്നതിനും പഠിക്കുന്നതിനുമായി ചില്ലുകൂട്ടിലാക്കിയ കൂട് കാണാനും ഇവിടെ അവസരമുണ്ട്. കൂട് തുറക്കാതെതന്നെ റാണിയെയും മറ്റ് ഈച്ചകളെയും കാണാനാകും എന്നത് ഏറെ കൗതുകകരമാണ്. ചെറുതേനീച്ചകളില്‍ ത്തന്നെ വിവിധ ഇനങ്ങളുണ്ട്.
പന്നിമൂക്കന്‍, കരിങ്കണ്ണി, തുമ്പിവാലന്, ചെമ്പന്‍കുഞ്ഞ്, വെള്ളത്തേനീച്ച എന്നിവയെ എല്ലാം കാണുന്നതിനും പഠിക്കുന്നതിനും ഹണി ഫാമില്‍ അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് ഈ കര്ഷകന്.
തേനീച്ച കൃഷിയില്‍ തന്റെ നാലു പതിറ്റാണ്ടുകാലയളവിലെ അനുഭവം മുന്‍നിര്‍ത്തി ‘കൂടുണ്ടോ തേന്‍ തരാം’ എന്ന പേരില്‍ ഇദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തേന്‍കൃഷി ചെയ്യാനാഗ്രഹിക്കന്നവര് അറിഞ്ഞിരിക്കേണ്ട എല്ലാകാര്യങ്ങളും ഇതില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ലളിതമായ ശൈലി, പുതിയ കണ്ടുപിടിത്തങ്ങള്‍ എന്നിവ ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. പുസ്തകം വായിച്ച് കൃഷി തുടങ്ങിയവരും ഇതില്‍ വിജയം സ്വന്തമാക്കിയവരും ഏറെയാണ്.
കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഒരു ഹോബിയും വരുമാന മാര്‍ഗവുമായി ചെറുതേനീച്ചകൃഷി ചെയ്യാനാകും. ചെറുതേനീച്ച പരിപാലനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും ഇദ്ദേഹം ലക്ഷ്യമിടുന്നു. കഞ്ഞിക്കുഴിയില്‍ ദിവ്യ തയ്യല്മെഷീന് സെയില്‍സ് ആൻഡ് സര്‍വീസിംഗ് സ്ഥാപനം നടത്തുന്ന ഭാര്യ സാലിയും മകന് ജിബിനും പ്രോത്സാഹനവുമായി ജോമിക്കൊപ്പമുണ്ട്.