കൊച്ചി: ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പുതിയ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിലവിലെ എംഡി സി.ജെ. ജോര്‍ജിനെ നിയമിച്ചു. നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ജോണ്‍സ് ജോര്‍ജാണ് പുതിയ മാനേജിംഗ് ഡയറക്ടർ. നിയമനങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിലായി. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിയമനങ്ങൾക്ക് അംഗീകാരം നല്‍കിയത്.
1987ല്‍ സി.ജെ. ജോര്‍ജും രണജിത് കാഞ്ചിലാലും ചേര്‍ന്നു സ്ഥാപിച്ച ജിയോജിത് ഇന്ത്യയിലെ ഓഹരിവിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനിയാണ്. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയുമുള്ള ട്രേഡിംഗ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചതും സ്വര്‍ണം, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഫ്യൂച്ചേഴ്സ് ട്രേഡിംഗിനും തുടക്കംകുറിച്ചതും ജിയോജിത്താണ്.
2013ല്‍ ഡിജിറ്റല്‍ മീഡിയ മാനേജരായി ജിയോജിത്തില്‍ എത്തിയ ജോണ്‍സ് ജോര്‍ജ് ചീഫ് ഡിജിറ്റല്‍ ഓഫിസറായും എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.