Kerala
മാവേലിക്കര: കെഎസ്ആര്ടിസി ഡ്രൈവര് ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. ബസ് കടകളിലേക്ക് ഇടിച്ചു കയറി. ചെന്നിത്തല മുപ്പത്തഞ്ചില് സി. പ്രദീപ്(49) ആണ് മരിച്ചത്.
ഹരിപ്പാട് - പത്തനംതിട്ട സംസ്ഥാന പാതയില് മാവേലിക്കര നടയ്ക്കാവില് ഇന്ന് രാവിലെ 8.22 നായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് നിയന്ത്രം വിട്ടു പോകുന്നത് ശ്രദ്ധയില്പെട്ട യാത്രികരില് ഒരാളാണ് സ്റ്റിയറിംഗ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിര്ത്തിയത്.
പ്രദീപിനെ ഉടന് തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസില് 20 ഓളം യാത്രികര് ഉണ്ടായിരുന്നു.
പത്തനംതിട്ട-ഹരിപ്പാട് ചെയിന് സര്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആര്ഇഎ 885 വാഹനമാണ് അപകത്തില്പെട്ടത്. പത്തനംതിട്ടയില് നിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. യാത്രികരിലാര്ക്കും തന്നെ സാരമായ പരിക്കുകളില്ലെന്നാണ് പ്രഥമിക വിവരം.
പ്രദീപിന് മുന്പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതായി കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു. മാവേലിക്കര നടയ്ക്കാവ് തോപ്പില് ഒപ്റ്റിക്കല്സ്, ഫോര് ഐസ്, കാനറാ ബാങ്ക് എന്നിവ പ്രവര്ത്തിക്കുന്ന കടകളുടെ മുന്നിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥാപനങ്ങളുടെ ബോര്ഡുകളും മതിലും തകര്ന്നിട്ടുണ്ട്.
District News
തൊടുപുഴ: പ്രാര്ഥനാമന്ത്രങ്ങള് ഉരുവിടാന് കത്തിച്ച മെഴുകുതിരികള് മെഴുകുമലയായി മാറി. തൊടുപുഴ സീനായി ഹോട്ടല് ഉടമ സീനായി ചാക്കോച്ചനാണ് (75) മെഴുകുതിരികള് കത്തിച്ച് പ്രാര്ഥനയോടെ പ്രതിദിനം കടയുടെ പ്രവര്ത്തനം ആരംഭിച്ചിരുന്നത്. തൊടുപുഴ-ഇടുക്കി റോഡില് മുനിസിപ്പല് ടൗണ്ഹാളിന് എതിര്വശത്തുള്ള ഹോട്ടലില് എത്തിയാല് ആദ്യം ഏവരുടേയും ശ്രദ്ധയില്പ്പെടുന്നതും ഈ മെഴുകുമലയാണ്. വിശ്വാസത്തിന്റെ ആഴം വിളിച്ചോതുന്ന ഈ മെഴുകുമല കാണുന്നവരുടെ മനസിലും ആത്മീയ ചൈതന്യം അറിയാതെ ഉണര്ന്നിരുന്നു.
ഒരിക്കല് തീപിടിച്ച് മെഴുകുമല ഭാഗികമായി കത്തി നശിച്ചെങ്കിലും ഇദ്ദേഹം വീണ്ടും കൊളുത്തിയ തിരികള് കത്തിയമര്ന്ന് മെഴുകുമല പഴയസ്ഥിതിയിലായി. ജീവിതത്തില് ഏറെ കഷ്ടപ്പാടുണ്ടായിരുന്നെങ്കിലും പാവങ്ങളെ സഹായിക്കുന്നതില് ഇദ്ദേഹം പ്രത്യേക താത്പര്യമെടുത്തിരുന്നു.
ചെറുപ്പത്തില് തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില് സഹായിയായി ജീവിതപോരാട്ടം തുടങ്ങിയ ചാക്കോച്ചന് ചേട്ടന് സീനായ് ഹോട്ടലിലൂടെ അനേകരുടെ വിശപ്പകറ്റാനും ശ്രമിച്ചു. നേരത്തേ വേളാങ്കണ്ണി തീര്ഥയാത്ര പോകുമ്പോള് കടപ്പുറത്തെ നിരാലംബര്ക്ക് വിതരണം ചെയ്യുന്നതിനായി ഇദ്ദേഹം കൈയില് അരിയും കരുതിയിരുന്ന കാര്യം പൊതുപ്രവര്ത്തകനായ ആമ്പല് ജോര്ജ് അനുസ്മരിച്ചു.
സാധുക്കളെ സംരക്ഷിക്കുക, തെരുവില് അലഞ്ഞ് നടക്കുന്നവരുടെയും ഭിക്ഷാടകരുടെയും മുടിവെട്ടുക തുടങ്ങിയവ ഹോട്ടല് ബിസിനസിനൊപ്പം ചെയ്തിരുന്നു. വര്ഷങ്ങള്ക്കു മുമ്പ് കോലാനിയില് ആകാശപ്പറവകളുടെ ക്യാമ്പ് സംഘടിപ്പിച്ച് പാവങ്ങള്ക്ക് ആശ്വാസം പകര്ന്നിരുന്നു.
മുരിങ്ങൂര് ധ്യാന കേന്ദ്രത്തോട് അനുബന്ധിച്ചുള്ള എയ്ഡ്സ് രോഗികളുടെ സംരക്ഷണ കേന്ദ്രത്തില് ഉള്പ്പെടെ വിവിധ അനാഥാലയങ്ങളില് അന്നദാനം നടത്തുന്നതും പതിവായിരുന്നു.
വിശന്ന് ചെല്ലുന്ന ആര്ക്കും സീനായ് ഹോട്ടല് അത്താണിയായിരുന്നു. നിശബ്ദമായ ചാരിറ്റി പ്രവര്ത്തനങ്ങളിലൂടെ പാവങ്ങളുടെ രക്ഷകനായ സീനായ് ചാക്കോച്ചന് കഴിഞ്ഞ ദിവസം നിത്യതയിലേക്ക് യാത്രയായതോടെ നന്മമരത്തിന്റെ മരിക്കാത്ത ഓര്മകളാണ് അനേകരുടെ മനസില് ഉണരുന്നത്.
District News
ആലപ്പുഴ: നരകതുല്യമായി ആലപ്പുഴ-എറണാകുളം ട്രെയിന് യാത്ര. ഈ റൂട്ടിലെ യാത്ര ദിവസം ചെല്ലുന്തോറും കൂടുതല് ക്ലേശകരമാകുകയാണെന്ന് യാത്രക്കാര് പറയുന്നു. ട്രെയിനുകളുടെ എണ്ണക്കുറവും ഉള്ള ട്രെയിനുകള്ക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതും തീരദേശപാതയിലെ യാത്രക്കാരുടെ യാത്ര ദുരിതപൂര്ണമാക്കുന്നു.
വന്ദേഭാരതിനായി മറ്റു ട്രെയിനുകളുടെ സമയം മാറ്റിയതും പല സ്ഥലങ്ങളിലും പിടിച്ചിടുന്നതും സ്ഥിരം യാത്രക്കാര്ക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവർ വീടുകളിലെത്താൻ ഏറെ വൈകുന്നു. അരൂര് ദേശീയപാതയില് ഗതാഗതനിയന്ത്രണം കൂടി വന്നപ്പോള് ട്രെയിന് യാത്രക്കാരുടെ എണ്ണത്തില് മുന് കാലങ്ങളേക്കാള് വര്ധനയുണ്ടായി. നില്ക്കാന് പോലും കഴിയാത്ത സ്ഥിതിയാണ് ട്രെയിനുകളിൽ.
വൈകിട്ട് എറണാകുളത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ആദ്യ ട്രെയിന് നാലുമണിയുടെ പാസഞ്ചറാണ്. ഇത് 5.30ന് ആലപ്പുഴയിലെത്തും. എംജിആര് ചെന്നൈ സൂപ്പര് ഫാസ്റ്റ് എക്സ്പ്രസിനായി ഈ ട്രെയിന് പത്തുമിനിട്ടോളം കുമ്പളത്ത് പിടിച്ചിടും. 5.30ന് മുമ്പ് ഈ ട്രെയിന് ആലപ്പുഴയിലെത്തിയില്ലെങ്കില് ഇതിലെത്തുന്നവര്ക്ക് 5.35ന് പുറപ്പെടുന്ന ആലപ്പുഴ-കൊല്ലം മെമു കിട്ടാതെവരും.
എറണാകുളം-ആലപ്പുഴ പാസഞ്ചര് നാലിന് പോകുന്നതിനാല് കോളജ് വിദ്യാര്ഥികള്ക്കും ഉദ്യോഗസ്ഥര്ക്കും ഇതില് യാത്ര സാധ്യമല്ല. പിന്നീടുള്ളത് 4.20ന് എറണാകുളത്തെത്തുന്ന ഏറനാട് എക്സ് പ്രസാണ്. ഈ ട്രെയിനിന് കുമ്പളം, വയലാര്, തിരുവിഴ, മാരാരിക്കുളം, കലവൂര്, തുമ്പോളി എന്നീ സ്റ്റേഷനുകളില് സ്റ്റോപ്പില്ലാത്തതിനാല് ഭൂരിഭാഗം പേര്ക്കും ആശ്രയിക്കാനാവില്ല.
21 കോച്ചുകളുള്ള ട്രെയിനില് 13 ജനറല് കോച്ചുകളുണ്ടെങ്കിലും വന്തിരക്കാണ്. 4.20ന് ഏറനാട് പോയാല് 5.25ന്റെ ജനശതാബ്ദിയാണ് അടുത്തത്. ഇതില് ജനറല് കോച്ചുകളില്ല. പിന്നെ ആശ്രയം 6.25ന്റെ എറണാകുളം-കായംകുളം പാസഞ്ചറാണ്. മുമ്പ് വൈകിട്ട് ആറിന് പുറപ്പെട്ടിരുന്ന ട്രെയിന് 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിടുന്നത്.
പിന്നീട് ട്രെയിനിന്റെ സമയം 6.25 ആക്കി. വിദ്യാര്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതില് ദിവസവും യാത്രചെയ്യുന്നത്. സമയം മാറ്റിയെങ്കിലും വന്ദേഭാരത് കടന്നുപോകുന്നതിനായി 40 മിനിട്ടോളം കുമ്പളത്തും തുറവൂരുമായി ട്രെയിന് പിടിച്ചിടുന്ന അവസ്ഥ ഇപ്പോഴുമുണ്ട്.
മുമ്പ് 8.20ന് കായംകുളത്തെത്തിയിരുന്ന ട്രെയിന് ഇപ്പോള് 9.30 നാണെത്തുന്നത്. തിങ്ങിനിറഞ്ഞ് ശ്വാസം കിട്ടാതെ യാത്രക്കാര് ട്രെയിനില് കുഴഞ്ഞുവീഴാറുണ്ട്. നാളുകളായി യാത്രക്കാര് വിവിധ ആവശ്യങ്ങള് ഉന്നയിക്കുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും കാണുന്നില്ല.
ഇത്തരത്തില് ശ്വാസംമുട്ടി യാത്ര ചെയ്യുമ്പോള് ശാരീരിക അസ്വസ്ഥതകള് ഉണ്ടാകാറുണ്ട്. ഇതിനൊക്കെ ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Kerala
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
"ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ല.'- മന്ത്രി സജി ചെറിയാൻ പറഞ്ഞു
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല.'-സജി ചെറിയാൻ പറഞ്ഞു.
കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി, എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Leader Page