തൊടുപുഴ: റോഡ് നിര്മാണ കമ്പനിയുടെ പിക്ക്അപ് ജീപ്പ് സ്കൂട്ടറില് ഇടിച്ച് ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടറിന് ദാരുണാന്ത്യം. മടക്കത്താനം വെട്ടുകല്ലാംപുറത്ത് ഇമ്രാന് കരീമിന്റെ ഭാര്യ ജുബീന കെ. റഹിം (35) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 4.30ന് തൊടുപുഴ ടൗണില് വെങ്ങല്ലൂര്-മങ്ങാട്ടുകവല ബൈപാസിലായിരുന്നു അപകടം. വണ്ണപ്പുറം മുണ്ടന്മുടി ജനകീയാരോഗ്യ കേന്ദ്രത്തിലെ ജൂനിയര് ഹെല്ത്ത് ഇന്സ്പെക്ടറായ ജൂബീന ജോലിക്കുശേഷം മങ്ങാട്ടുകവലയില് ബസിറങ്ങി ഇവിടെ വച്ചിരുന്ന സ്കൂട്ടറില് വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം.
ടാറിംഗിനായി മെറ്റല് കയറ്റി പോകുന്നതിനിടെ ജീപ്പ് സ്കൂട്ടറില് ഇടിക്കുകയായിരുന്നു. റോഡില് തലയടിച്ച് വീണ ജുബീനയെ സമീപത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തിനു ശേഷം ജീപ്പ് ഡ്രൈവര് സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടെന്നു പൊലിസ് പറഞ്ഞു.
സംസ്കാരം ഇന്ന് ഒന്നിന് കാരിക്കോട് നൈനാരു പള്ളിയില്. തൊടുപുഴ കാഞ്ഞിരമറ്റം കവലയില് മലഞ്ചരക്ക് വ്യാപാരിയാണ് ഭര്ത്താവ് ഇമ്രാന് കരീം. മക്കള്: ഇമാദ്, ഇസ ഫാത്തിമ.
അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്മാണം നടത്തിയതെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നും ആരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില് റോഡ് ഉപരോധിച്ചു.