ഷിക്കാഗോ: സീറോമലബാർ ഷിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും രജത ജൂബിലി കൺവൻഷന്റെയും ഭാഗമായി രൂപതയുടെ വളർച്ചയ്ക്ക് അടിത്തറപാകിയ പ്രഥമ പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുന്നതിനായി വിപുലമായ മഹാ സംഗമം സംഘടിപ്പിക്കുന്നു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ജൂലൈ 9, 10, 11, 12 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സീറോമലബാർ കൺവൻഷനിലാണ് ഈ സംഗമം.
രൂപതയുടെ പ്രാരംഭകാലം മുതൽ സജീവമായി പ്രവർത്തിച്ചവരുടെ അനുഭവങ്ങളും സേവനങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സവിശേഷ കൂട്ടായ്മ ഒരുങ്ങുന്നത്.
രൂപതയുടെ ചരിത്രവഴികളിലെ സുപ്രധാനമായ ഈ സംഗമത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അനുഗ്രഹ പ്രഭാഷണങ്ങൾ, അനുഭവസമ്പന്നരായ അംഗങ്ങളുടെ ചർച്ചകൾ എന്നിവ ഈ സംഗമത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
നമ്മുടെ ഇടവകകളും സമൂഹങ്ങളും കെട്ടിപ്പടുക്കുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും പ്രാരംഭഘട്ടത്തിൽ മുൻനിര പ്രവർത്തകർ നേരിട്ട വെല്ലുവിളികളെയും അവർ നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക അഭിമുഖങ്ങളും സിമ്പോസിയങ്ങളും ഈ അവസരത്തിൽ നടക്കും.