ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ടു ദിവസം കൂടെ നീട്ടി.
ഡൽഹിയിലെ പ്രത്യേക എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റേതാണ് (എസ്ഇഎം) നടപടി. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടർന്നാണ് ഇരുവരെയും മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിലെ പ്രത്യേക മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
സമരകേന്ദ്രമല്ലാതാക്കി മാറ്റിയ ജന്തർ മന്തറിൽ കടന്ന് ദേശീയ പതാക വീശിയതിന് കഴിഞ്ഞ 14നാണ് ഇരുവരെയും ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ അയയ്ക്കുകയായിരുന്നു. കസ്റ്റഡി കാലാവധി നീട്ടിയതോടെ അവരെ തിഹാർ ജയിലിലേക്ക് അയച്ചു.
സ്പെഷ്യൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ നടപടിക്കെതിരേ സിജെപി നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറോളം കത്തിരുന്നിട്ടാണ് മജിസ്ട്രേറ്റ് എത്തിയെതെന്നും കോടതിമുറിയിൽ മുഴുവൻ സമയവും ഫോണിൽ സംസാരിച്ചുകൊണ്ടാണ് അദ്ദേഹം ഉത്തരവുകൾ എഴുതിയതെന്നും സിജെപിയുടെ നിയമകാര്യ മേധാവി രത്തന സിംഗ് ആരോപിച്ചു.
നിഷ്പക്ഷ നടപടിയല്ല മജിസ്ട്രേറ്റ് സ്വീകരിച്ചതെന്നും കസ്റ്റഡി നീട്ടാൻ ഗൂഢാലോചന നടക്കുന്നതായും അവർ കുറ്റപ്പെടുത്തി. മേൽക്കോടതിയെ സമീപിക്കുമെന്നും സിജെപി വ്യക്തമാക്കി. പ്രവർത്തകരിൽനിന്നു ഭീഷണി സന്ദേശം ലഭിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ച കേസ് കേട്ട മജിസ്ട്രേറ്റ് പിന്മാറിയതോടെ മറ്റൊരു എസ്ഇഎമ്മാണ് ഇന്നലെ കേസ് പരിഗണിച്ചത്.