മാഡ്രിഡ്: ബാഴ്സലോണയിലേക്ക് മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുൻ പരാമർശങ്ങളിൽ മാപ്പുറഞ്ഞ് ജൂലിയൻ ആൽവാരസ്. അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരോടാണ് താരം പരസ്യമായി ക്ഷമാപണം നടത്തിയത്. ഡെപ്പോർട്ടീവോ ലാ കൊറൂണയ്ക്കെതിരായ മത്സരത്തിൽ അത്ലറ്റിക്കോയ്ക്കായി വിജയഗോൾ നേടിയ ശേഷമാണ് താരം ഖേദം പ്രകടിപ്പിച്ചത്.
ലോകകപ്പിനിടെ ബാഴ്സലോണയിൽ കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളും തുടർന്നുണ്ടായ ട്രാൻസ്ഫർ വിവാദങ്ങളുമാണ് അത്ലറ്റിക്കോ ആരാധകരെ പ്രകോപിപ്പിച്ചത്. സ്പാനിഷ് മാധ്യമമായ മോവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ആൽവാരസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിനിടെ നടത്തിയ പരാമർശങ്ങളിൽ ആരാധകരോട് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ രീതിയിലും സമയത്തിലും തെറ്റുപറ്റിയെന്നും താരം പറഞ്ഞു.
താൻ ഒരു ആരാധകനായിരുന്നെങ്കിൽ ഇത്തരം പരാമർശങ്ങളിൽ ദേഷ്യപ്പെടുമായിരുന്നു. അത്ലറ്റിക്കോയിലെത്തിയ കാലം മുതൽ ആരാധകർ നൽകുന്ന പിന്തുണ കണക്കിലെടുക്കുമ്പോൾ അവരുടെ അമർഷം മനസിലാക്കാൻ കഴിയുമെന്നും ആൽവാരസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിലേക്ക് മാറാനുള്ള ആൽവാരസിന്റെ നീക്കത്തെ അത്ലറ്റിക്കോ മാഡ്രിഡ് തടഞ്ഞിരുന്നു.