ദുബായ്: 13,000 അടി ഉയരത്തിൽ വിമാനത്തിൽനിന്ന് ചാടി സ്വന്തം രാജ്യങ്ങളുടെ ദേശീയ പതാകകൾ ആകാശത്ത് വീശി ലോകറിക്കാർഡ് കുറിച്ച 65 സ്കൈ ഡൈവർമാരുടെ സംഘത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ പൗരൻമാരാണു ലിബിയയിൽ നടന്ന ഈ സാഹസിക ദൗത്യത്തിൽ പങ്കാളികളായി ഗിന്നസ് ലോകറിക്കാർഡിൽ ഇടം നേടിയത്. കണ്ണൂർ സ്വദേശിയായ ജംഷീർ തണലോട്ട്, ഉത്തർപ്രദേശിലെ ഗോരഖ്പുർ സ്വദേശി അഭിഷേക് റാവത്ത്, ബിഹാർ പട്ന സ്വദേശി ഇഷാ രാജ് എന്നിവരാണ് ഓഗസ്റ്റ് ഏഴിനു ലിബിയയിൽ നടന്ന ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഒരൊറ്റ വിമാനത്തിൽനിന്ന് ഏറ്റവും കൂടുതൽ സ്കൈഡൈവർമാർ അതത് രാജ്യങ്ങളുടെ പതാകയേന്തി ഒന്നിച്ചുചാടിയതിനാലാണ് പുതിയ ലോകറിക്കാർഡ് പിറന്നത്. ഓഗസ്റ്റ് 14-ന് ഗിന്നസ് വേൾഡ് റിക്കാർഡ്സ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇല്യൂഷിൻ2-76ടിഡി എന്ന സൈനികവിമാനത്തിൽ നിന്നായിരുന്നു ഡൈവർമാരുടെ ചാട്ടം. 38 രാജ്യങ്ങളിൽ നിന്നുള്ള സ്കൈ ഡൈവർമാരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
ഇന്ത്യൻ സ്വതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ത്രിവർണ പതാക ആകാശത്ത് പാറിച്ചാണ് ഇന്ത്യൻ സംഘം രാജ്യത്തിന് അഭിമാനമായത്. യുഎഇയിലെ സ്കൈ ഡൈവിംഗ് കൂട്ടായ്മയുടെ ഭാഗമായ മൂവരും ഓഗസ്റ്റ് അഞ്ചിനാണു ലിബിയയിലെത്തിയത്. പാരച്യൂട്ടിൽ കുരുങ്ങാതെ പതാകകൾ നിയന്ത്രിച്ച് ,കാമറകളിൽ കൃത്യമായി പതിയുന്ന രീതിയിൽ നിശ്ചിത സ്ഥലത്തുതന്നെ ലാൻഡ് ചെയ്താണ് ഇവർ ചരിത്രനേട്ടം സ്വന്തമാക്കിയത്.
സാധാരണ ഇത്തരം ജംപുകളിൽ 21 പേർ വരെയാണ് പങ്കെടുക്കാറുള്ളത്. എന്നാൽ ഒറ്റൊറ്റവിമാനത്തിൽനിന്ന് 65 പേർ ഒന്നിച്ചുചാടുന്നതു കായികരംഗത്ത് വളരെ അപൂർവമാണെന്ന് ജംഷീർ തണലോട്ട് പറഞ്ഞു. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.