കൊച്ചി: ഭാവി തലമുറകൾക്കുവേണ്ടി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാൻ നമുക്ക് കടമയുണ്ടെന്ന് ജസ്റ്റീസ് ഏബ്രഹാം മാത്യു.
കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) പിഒസിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങള്‍ക്കു ഭയാശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തു നിലനില്ക്കുന്നതെങ്കില് അതിനെ ജനാധിപത്യ രാഷ്ട്രമെന്നു വിളിക്കാന്‍ സാധിക്കില്ല.
നാം ജീവിക്കുന്ന സമൂഹത്തില്‍ തിന്മകൾക്കു നേരേ പ്രതികരിച്ചില്ലെങ്കില്‍ നമ്മളും തിന്മ ചെയ്യുകയാണെന്നു മനസിലാക്കണം. പ്രതികരിക്കേണ്ടിടത്തു നിര്‍ഭയം പ്രതികരിക്കണം. വരുന്ന തലമുറയ്ക്കുവേണ്ടി നാം ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബിജു ജോസി കരുമാഞ്ചേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, കെസിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, അഡ്വ. ബിജു പറയന്നിലം, ജെയ്മോന് തോട്ടുപുറം, ടെസി ബിജു, ബെന്നി ആന്റണി, റോയ് ഡിക്കുഞ്ഞ, ജേക്കബ് ഞരളക്കാട്ട്, ടി.ഡി. ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.