കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സന്ദര്‍ശിച്ചു. കേസിലെ നടപടിക്രമങ്ങളില്‍ മെല്ലെപ്പോക്കാണെന്നും കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണ കൊടുക്കാന്‍ പാടില്ലെന്നും പിണറായി വിജയന് പറഞ്ഞു. അതീവ ദുഖഃകരമായ സംഭവമാണ് ഉണ്ടായത്.
തങ്ങള്‍ക്ക് നീതി കിട്ടുന്നില്ലെന്ന തോന്നലാണ് ഈ കുടുംബത്തിന് തുടക്കം മുതലേ ഉണ്ടായത്. അതിന്റെ ഭാഗമായി ചില പ്രത്യക്ഷ നടപടികള്‍ അവര്‍ക്ക് ചിത എരിയുന്നതിന് മുമ്പ് തന്നെ സ്വീകരിക്കേണ്ടി വന്നു. ഇക്കാര്യം സഭവയില് ഉന്നയിച്ചപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കൃത്യമായി പ്രതികരണം ഉണ്ടായി. കുറ്റവാളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും അര്‍ഹമായ ശിക്ഷ ഉറപ്പാക്കും, വീഴ്ചയുണ്ടാകില്ലെന്ന് പറഞ്ഞു. പക്ഷെ പിന്നീട് നടപടികള്‍ ആ നിലയ്ക്കല്ല ഉണ്ടായത്.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ കണ്ടെങ്കിലും നടപടിക്രമങ്ങള്‍ വേണ്ടത്ര ജാഗ്രതയോടെ നീങ്ങുന്നില്ലയെന്ന തോന്നലാണ്. മറുഭാഗത്ത് നല്ലതു പോലെ നിയമങ്ങള്‍ അറിയാവുന്ന ജഡ്ജിയുടെ സംരക്ഷണം ലഭിക്കുന്നുവെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ട്. സ്വാധീനവും സമ്പത്തും ഉള്ളവര്‍ക്കും എന്തുമാകാം എന്ന നില പറ്റില്ല. കൊടുംക്രൂരകൃത്യം ചെയ്ത ആളെ സംരക്ഷിക്കുന്നതായാണ് തോന്നല്‍.
കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുട്ടിയെന്ന പരിഗണ കൊടുക്കാന്‍ പാടില്ല. കുടുംബത്തോടൊപ്പം സമൂഹം ആകെയുണ്ട്. എല്ലാവരുടെയും പിന്തുണയുണ്ട്. ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് കരുതാം. അര്‍ഹായ ശിക്ഷ ഉറപ്പാക്കുന്നതില്‍ അലംഭാവം ഉണ്ടാവാന്‍ പാടില്ലെന്നും പിണറായി വിജയന് പറഞ്ഞു.