മഹാരാഷ്ട്രയിലെ കാത്രാജിൽ മുൻവൈരാഗ്യത്തെ തുടർന്ന് പതിനേഴുകാരനായ ഗണേഷ് രവീന്ദ്ര മാൽവെ എന്ന കൗമാരക്കാരൻ കൊല ചെയ്യപ്പെട്ട സംഭവം വലിയ കോലാഹലത്തിനാണ് വഴിവെച്ചിരിക്കുന്നത്.
മൊബൈൽ ഫോൺ ശരിയാക്കി വാങ്ങാൻ പോയ വഴിയിൽ കാത്രാജ് കട്ട ഹോട്ടലിന് സമീപം വെച്ചാണ് പ്രായപൂർത്തിയാകാത്ത ഏഴംഗ സംഘം ഗണേഷിനെ ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ഭാരതി വിദ്യാപീഠം പോലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിനും ആയുധ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ കേസിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് ജീപ്പിന്റെ ബോണറ്റിൽ കെട്ടി ജനങ്ങളുടെ മുന്നിലൂടെ കൊണ്ടുപോയ ദൃശ്യങ്ങളാണ് ഇപ്പോൾ ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്.
കനത്ത മഴയത്തും വലിയൊരു ജനക്കൂട്ടം നോക്കിനിൽക്കെയാണ് പോലീസ് ഈ അപൂർവ്വ നടപടി സ്വീകരിച്ചത്. ഇതിനിടയിലെ മറ്റൊരു വീഡിയോയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബാംഗമായ ഒരു സ്ത്രീ പ്രതികളിൽ ഒരാളെ ചെരിപ്പ് ഊരി അടിക്കുന്നതും ചുറ്റും നിൽക്കുന്ന ഉദ്യോഗസ്ഥർ അത് നോക്കിനിൽക്കുന്നതും വ്യക്തമാണ്.
വലിയ രീതിയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങളിലെ പോലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങളോ വിശദീകരണങ്ങളോ അധികാരികളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.