കൊച്ചി: കോൺഗ്രസിലേക്ക് ഇനി തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച് കെ.വി. തോമസ്. തന്നെ പാർട്ടി ചവിട്ടിപ്പുറത്താക്കിയതാണെന്നും തിരിച്ചുപോകില്ലെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പത്മജയുടേത് കോൺഗ്രസ് രക്തമാണ്. അധികാരം കണ്ടാണോ തിരിച്ചുവരുന്നതെന്ന് വ്യക്തമാക്കേണ്ടത് പത്മജയാണ്.
മടങ്ങിവരവ് ശരിയോ തെറ്റോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പത്മജയുടെ വരവിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ.വി. തോമസ് കൂട്ടിച്ചേർത്തു. പത്മജ വേണുഗോപാലിന് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിലാണ് കെ.വി. തോമസ് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
കോൺഗ്രസിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പത്മജ വേണുഗോപാൽ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് പാർട്ടി നേതൃത്വത്തിന് കത്ത് നൽകും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പത്മജയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തെങ്കിലും ഒരു വിഭാഗം മുതിർന്ന നേതാക്കൾ അത്ര അനുകൂലമല്ല. പത്മജയുടെ മടങ്ങിവരവിനോട് യുവനേതാക്കളും കടുത്ത എതിർപ്പിലാണ്.