ചാരുംമൂട്: പട്ടാപ്പകൽ നടുറോഡിൽ ട്രാവലർ വാഹനം തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയ കാപ്പകേസ് പ്രതികളായ സഹോദരങ്ങളടക്കം മൂന്നു പേരെ റിമാൻഡ് ചെയ്തു. കാപ്പ കേസ് പ്രതികളും സഹോദരങ്ങളുമായ നൂറനാട് ഉളവുക്കാട് കോടംപറമ്പിൽ മുഹമ്മദ് റാഫി (27), മുഹമ്മദ് ഹാഫിസ്(25), സുഹൃത്ത് ഉളവുക്കാട് മലയുടെ വടക്കതിൽ അഖിൽ (23) എന്നിവരെയൊണ് മാവേലിക്കര കോടതി റിമാൻഡ് ചെയ്തത്.
നൂറനാട് ഉളവുകാട് ജംഗ്ഷനിൽവച്ച് ഓടിക്കൊണ്ടിരുന്ന ട്രാവലറിനു മുന്നിൽ കാറ് വട്ടമിട്ടശേഷമായിരുന്നു അതിക്രമം. വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി കാറിൽനിന്നിറങ്ങി ട്രാവലറിൽ ഉണ്ടായിരുന്ന ഉളവുക്കാട് സ്വദേശി അമൽപ്രസാദ്, ബന്ധു ബിനീഷ്, സുഹൃത്ത് അനു കൃഷ്ണൻ എന്നിവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അമൽ പ്രസാദ് സ്കൂട്ടറിൽ വരുമ്പോൾ പ്രതികളുടെ കാറ് സ്കൂട്ടറിൽ ഇടിക്കാൻ തുടങ്ങിയത് അമൽ പ്രസാദ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് അക്രമത്തിന് പദ്ധതിയിട്ടതിനു പിന്നിലെന്ന് പൊലിസ് പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതു മുതൽ അക്രമികൾക്കായി നൂറനാട് പൊലിസ് അന്വേഷണം തുടങ്ങിയിരുന്നു.
മയക്കുമരുന്നു കേസിലടക്കം പ്രതികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണെന്നും കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയിരുന്നതാണെന്നും പൊലിസ് പറഞ്ഞു. നൂറനാട് എസ്ഐ എസ്. കണ്ണന്റെ നേത്രത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.