NRI
ന്യൂജഴ്സി: കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ (കാൻജ്) ക്രിസ്മസ് ആഘോഷം ഗംഭീരമായി. "ജിംഗിൾ ബെൽസ്' എന്ന പേരിൽ സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി.
കാൻജ് പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്വലമായ ഒരു വർഷമാണ് കാൻജ് പിന്നിട്ടത്.
യുവജനതയ്ക്ക് വേണ്ടി കാൻജ് യുവ, വനിതകളുടെ കൂട്ടായ്മയായി കാൻജ് വുമൺസ് ഫോറം, ഐടി മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കാൻജ് ഐടി അക്കാദമി എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടാണ് 2025ലെ കാൻജ് കമ്മിറ്റി കടന്നു പോയത്.