പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി കെ.എ. തുളസി. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിയാണ് മന്ത്രി രംഗത്തെത്തിയത്.
സ്ത്രീകളെയും പെൺകുട്ടികളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയമെന്ന് കെ.എ. തുളസി പറഞ്ഞു. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതിന് ഉദാഹരണമാണ് പ്രിയദർശിനി പദ്ധതിയെന്നും മന്ത്രി കെ.എ. തുളസി കൂട്ടിച്ചേർത്തു. നേരത്തെ മന്ത്രി ബിന്ദു കൃഷ്ണയും സിപിഎം നേതാവ് പി.കെ. ശ്രീമതിയും കാന്തപുരത്തെ തള്ളിപ്പറഞ്ഞിരുന്നു. അതേസമയം വിഷയത്തിൽ നിലപാട് പറയാൻ മന്ത്രി കെ.എം. ഷാജി വിസമ്മതിച്ചത് ശ്രദ്ധേയമാണ്.