ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെഇസിഎഫ്) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 29-ാമത് യുണൈറ്റഡ് ഗോസ്പൽ കൺവെൻഷൻ (സംയുക്ത സുവിശേഷ കൺവൻഷൻ) ഓഗസ്റ്റ് 7, 8, 9 തീയതികളിൽ നടക്കും.
ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചാണ് (1627 E. Shady Grove Rd. Irving, TX 75060) ഇത്തവണത്തെ കൺവൻഷന് ആതിഥേയത്വം വഹിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ നടക്കുന്ന കൺവൻഷനിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വചനശുശ്രൂഷ നയിക്കും.
ലൂക്കോസ് 15-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള "Loss & Redemption' (നഷ്ടവും വീണ്ടെടുപ്പും) എന്നതാണ് ഈ വർഷത്തെ കൺവൻഷൻ ചിന്താവിഷയം.
ഡാളസ് ഫോർട്ട്വർത്ത് ഏരിയയിലെ 20 ഓളം വരുന്ന വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്. കൺവൻഷൻ ദിവസങ്ങളിൽ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള കെഇസിഎഫ് ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
പ്രസിഡന്റ്: വെരി റവ. രാജു ഡാനിയേൽ കോർ-എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ്: റവ. ഫാ. ബേസിൽ അബ്രഹാം, ജനറൽ സെക്രട്ടറി: അലക്സ് അലക്സാണ്ടർ, ട്രഷറർ: അലക്സ് പള്ളിവതുക്കൽ, ജോൺ തോമസ്, ലിൻഡ സൈമൺ മാത്യു, റവ.ഫാ. എബ്രഹാം വി. സാംസൺ, റവ.ഫാ. ബിൻസ് ചേത്തലിൽ, റവ.ഫാ. ബൈജു ഈപ്പൻ, റവ.ഫാ. മാർട്ടിൻ ബാബു, റവ.ഫാ. പോൾ സി. തോറ്റക്കാട്ട് എന്നിവരുൾപ്പെടെയുള്ള വിപുലമായ കമ്മിറ്റിയാണ് കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്.
ഈ വർഷത്തെ കൺവൻഷൻ ശുശ്രൂഷകൾ റെഡ് സ്റ്റുഡിയോയുടെ സഹകരണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡാളസിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.