പരിപാടിയിൽ നിന്ന്
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) ഡാളസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 29-ാമത് സംയുക്ത സുവിശേഷ കൺവൻഷന് പ്രാർഥനാനിർഭരമായ തുടക്കം.
വെള്ളിയാഴ്ച ഇർവിംഗിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ച കൺവൻഷന്റെ ഒന്നാം ദിന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
വൈകുന്നേരം 6.30ന് ആരംഭിച്ച ആദ്യദിന ചടങ്ങുകൾക്ക് ജോൺ തോമസ് നയിച്ച ഗായക സംഘത്തിന്റെ ആരാധനയോടെയും ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ.ഫാ. റെജിൻ രാജുവിന്റെ പ്രാർഥനയോടും തുടക്കമായി.
തുടർന്ന് ബിനു തോമസ് വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് ലൂക്കോസ് 15:1-7 വരെയുള്ള ഭാഗങ്ങൾ വായിച്ചു. ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ കെഇസിഎഫിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി.
വെരി. റവ. രാജു എം. ഡാനിയേൽ കോർ-എപ്പിസ്കോപ്പ അധ്യക്ഷപ്രസംഗം നിർവഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

"വെളിവു നിറഞ്ഞോരീശോ' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഭദ്രദീപം കൊളുത്തി കൺവൻഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ കൺവൻഷന്റെ പ്രധാന പ്രഭാഷകനായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.
"നഷ്ടവും വീണ്ടെടുപ്പും' (Loss & Redemption - വിശുദ്ധ ലൂക്കോസ് 15) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുമേനി ദൈവവചനം പങ്കുവച്ചു. ഗാനസംഘത്തിന്റെ ഭക്തിനിർഭരമായ ഗാനാലാപനത്തിനും പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം ഒന്നാം ദിവസത്തെ സമ്മേളനങ്ങൾ സമാപിച്ചു.
കൺവൻഷൻ ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ തുടരുന്നതാണ്. വരും ദിവസങ്ങളിലെ ദൈവവചന ശുശ്രൂഷകളിലും പ്രാർഥനകളിലും കുടുംബസമേതം പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Tags : KECF GospelConvention DallasEvents