ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹൂസ്റ്റൺ: ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമായ ഹൂസ്റ്റൺ പൊന്നോണം ഈ മാസം 23ന് രാവിലെ 10 മുതൽ റോസൻബെർഗ് എപിക് സെന്ററിൽ നടക്കും. ക്ഷേത്രം പ്രസിഡന്റ് രാംദാസ് പരിപാടിയുടെ പ്രധാന പ്രത്യേകതകൾ വിശദീകരിച്ചു.
ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. പ്രശസ്ത നളപാചക വിദഗ്ധൻ തൃശൂർ അമ്പി സ്വാമിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. പരമ്പരാഗത പാചകരീതിയുടെ തനിമയും രുചിയും നിലനിർത്തിയുള്ള വിവിധ വിഭവങ്ങളാണ് സദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നാലായിരത്തോളം പേർ ഇതിനകം പ്രവേശന പാസ് നേടിയതായി സംഘാടകർ അറിയിച്ചു. പരമ്പരാഗത രീതിയിൽ വാഴയിലയിൽ തന്നെയായിരിക്കും സദ്യ വിളമ്പുക. കേരളത്തിന്റെ തനത് രുചിയും പാരമ്പര്യവും അമേരിക്കൻ മലയാളികൾക്ക് ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമായിരിക്കും ഇത്.

മലയാളത്തിന്റെ തനത് കലാരൂപങ്ങളെ കോർത്തിണക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ടെക്സസിലെ പ്രമുഖ ഡാൻസ് സ്കൂളുകളിൽ നിന്നുള്ള കലാകാരന്മാർ പരിപാടികൾക്കായി പരിശീലനം നടത്തിവരികയാണ്.
തെയ്യം, തിരുവാതിര, പുലികളി, ചെണ്ടമേളം, കുച്ചിപ്പുടി, ഒപ്പന തുടങ്ങിയ കലാരൂപങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും. ഹൂസ്റ്റണിലെ കൗണ്ടി ഓഫീസർമാർ, കൗൺസിലർമാർ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്ന പൊതുസമ്മേളനവും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് മുഖ്യ പ്രോഗ്രാം കോഓർഡിനേറ്റർ സുനിൽ നായർ അറിയിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും ഒരുമിച്ച് ആഘോഷിക്കുന്ന പ്രധാന സാംസ്കാരിക വേദിയായി ഹൂസ്റ്റൺ പൊന്നോണം മാറുമെന്ന് പ്രസിഡന്റ് ഡോ. രാംദാസ് പറഞ്ഞു. ആഘോഷത്തിൽ പങ്കെടുക്കാനും പരിപാടി വിജയിപ്പിക്കാനും ഹൂസ്റ്റണിലെ മുഴുവൻ മലയാളികളെയും അദ്ദേഹം ക്ഷണിച്ചു.
Tags : Houstonam USA Onam NRINews