തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടന സെപ്റ്റംബറിൽ പൂർത്തിയാക്കിയേക്കും. നിലവിലെ കെപിസിസി ഭാരവാഹികളായ മന്ത്രിമാരെ ഒഴിവാക്കും. എംഎൽഎമാരായ ഡിസിസി പ്രസിഡന്റുമാർക്കു പകരം ജില്ലകളിലും പുതിയ അധ്യക്ഷന്മാർ വരും. കെപിസിസി- ഡിസിസി പുനഃസംഘടന ഉടൻ നടപ്പാക്കി പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന വികാരം കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമാണ്.
വ്യാഴാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പുനഃസംഘടന വൈകുന്നതു ചർച്ചയാകും. ഭരണത്തിലുള്ള പാർട്ടിയെ ശക്തമാക്കാൻ കെപിസിസിക്ക് പുതിയ അധ്യക്ഷൻ വേണമെന്നും ഡിസിസികളിൽ മുഴുവൻസമയ പ്രസിഡന്റുമാർ വരണമെന്നുമുള്ള ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൂടാതെ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസഭാംഗങ്ങളാണ്. ഇവർക്കു പകരം പുതിയ നിരയെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഒ.ജെ. ജനീഷ് മന്ത്രിയായതോടെ യൂത്ത് കോണ്‍ഗ്രസിനും പുതിയ സംസ്ഥാന അധ്യക്ഷൻ വരണം. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ഡിസിസി പ്രസിഡന്റുമാരും എംഎൽഎമാരാണ്.
ഇവർക്കു പകരം ജില്ലകളിലും പുതിയ അധ്യക്ഷന്മാർ വരണം. ഇക്കാര്യം കെപിസിസി രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി ഹൈക്കമാൻഡിനോട് ആവശ്യപ്പെടണമെന്ന ആവശ്യവും ശക്തമാണ്.
പാർട്ടി നിശ്ചലമാണെന്ന പരാതി ഒട്ടേറെ മുതിർന്ന നേതാക്കൾക്കുണ്ട്. പാർട്ടിയുടെ നേതൃനിരയിലേക്ക് ഹൈക്കമാൻഡിനു സമർപ്പിക്കേണ്ട കരടു പട്ടിക തയാറാക്കാൻ രാഷ്ട്രീയകാര്യ സമിതിയിൽ പ്രാഥമിക ചർച്ചയും നടക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്തുനിന്ന് ഹൈക്കമാൻഡിന് സമർപ്പിക്കാനുള്ള പട്ടിക തയാറാക്കുക.
ബോർഡ്- കോർപറേഷൻ അധ്യക്ഷന്മാർ കൂടി വരുന്നതോടെ കെപിസിസിയുടെ മറ്റു ഭാരവാഹികളിലും ചില ഡിസിസികളിലെ പ്രസിഡന്റുമാരിലും മാറ്റം വരാൻ സാധ്യതയും ഏറെയാണ്. ഇതുകൂടി മുന്നിൽക്കണ്ട് സമഗ്രമായ പാക്കേജാകും പ്രഖ്യാപിക്കുക.