ചക്കിട്ടപാറ: പാതയോരത്തെ മണ്ണിടിഞ്ഞ ഭാഗത്ത് അപകട നിലയിൽ നിൽക്കുന്ന തെങ്ങുകൾ ഉൾപ്പടെയുള്ള മരങ്ങൾ ഉടൻ മുറിച്ചുനീക്കണമെന്ന ചക്കിട്ടപാറ പഞ്ചായത്തധികൃതരുടെ നിർദേശം മാനിക്കാതെ കേരള റോഡ് ഫണ്ട് ബോർഡ്. ചെമ്പ്ര-ചക്കിട്ടപാറ പാതയോരത്ത് വെട്ടുകല്ലേൽ തോമസിന്റെ പുരയിടത്തിലാണ് വൃക്ഷങ്ങൾ അപകടനിലയിൽ നിൽക്കുന്നത്.
മലയോര ഹൈവേക്കായി റോഡിനു വീതി കൂട്ടാനാണ് തോമസിന്റെ സ്ഥലം ഇടിച്ചത്. ഇതോടെ വീടും അപകടനിലയിലാണ്. നിരവധി വാഹനങ്ങളും സഞ്ചാരികളും കടന്നുപോകുന്നതിന് മീതെയാണ് ഈ വൃക്ഷങ്ങളുള്ളത്. വൈദ്യുതി ലൈനും തൊട്ടുതാഴെയുണ്ട്. മരങ്ങൾ നീക്കിയില്ലെങ്കിൽ അപകടം മുന്നിൽ തന്നെയുണ്ട്. മരങ്ങൾ മുറിക്കാൻ കെആർഎഫ്ബി തയാറായില്ലെങ്കിൽ പൊതുജനങ്ങളുടെ ജീവൻ സംരംക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് തന്നെ മുന്‍കൈ എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ചെലവ് കേരളാ റോഡ് ഫണ്ടിനോട് ഈടാക്കുകയും വേണം. അശാസ്ത്രീയമായി മണ്ണിടിച്ചതിനാലാണ് കായ്ഫലമുള്ള അഞ്ച് തെങ്ങുകൾ തോമസിന് നഷ്ടപ്പെടുന്നത്. ഇതിന്റെ നഷ്ടപരിഹാരം സ്ഥലമുടമക്ക് കെആർഎഫ്ബിയും കരാറുകാരും നൽകുകയും വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.