ഹരിപ്പാട്: വൈദ്യുതാഘാതമേറ്റ് മരിച്ച പള്ളിപ്പാട് സ്വദേശിനിയും കർഷകത്തൊഴിലാളിയുമായ പുത്തൻപുരയിൽ സരളയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത, നഷ്ടപരിഹാരവും ജോലിയും നൽകിയില്ലെന്നാരോപിച്ച് കുടുംബാംഗങ്ങൾ പള്ളിപ്പാട് സെക്ഷൻ ഓഫീസ് ഉപരോധിച്ചു. നീതി നിഷേധിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ രാവിലെ 11ഓടെ കുടുംബം പ്രതിഷേധവുമായി എത്തിയത്.
മഴയെ അവഗണിച്ചും സരളയുടെ അമ്മ ഗൗരി, മക്കളായ നിഷാര, നീതു, അനിയത്തി വത്സല എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഫീസിനു മുന്നിൽ പ്ലക്കാർഡുകളുമേന്തി നിലയുറപ്പിച്ചു. കനത്ത മഴയിലും കുടചൂടി ഓഫീസിന്റെ കവാടത്തിനു മുന്നിലാണ് കുടുംബാംഗങ്ങൾ പ്രതിഷേധിച്ചത്. ക്രമസാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഹരിപ്പാട് പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബർ 12ന് പള്ളിപ്പാട് പനമുട്ട് പാടത്തുവച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. വയൽ വൃത്തിയാക്കുന്നതിനിടയിൽ, വൈദ്യുതിത്തൂണിന്റെ പൊട്ടിക്കിടന്ന താങ്ങുകമ്പിയിൽനിന്ന് ഷോക്കേറ്റ അയൽവാസിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സരള അപകടത്തിൽപ്പെടുന്നതും മരണമടയുന്നതും. അപകടം നടന്ന അന്ന് സരളയുടെ മൃതദേഹം കെഎസ്ഇബി ഓഫീസിനു മുന്നിൽവച്ച് ബന്ധുക്കളും നാട്ടുകാരും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
ഇതേത്തുടർന്നാണ് 25 ലക്ഷം രൂപ ധനസഹായവും മക്കളിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകാമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് ഉറപ്പുനൽകിയിരുന്നതെന്ന് കുടുംബം പറയുന്നു.
എന്നാൽ, മരണാനന്തര ചടങ്ങുകൾക്കായി അടിയന്തര സഹായമായി നൽകിയ ഒരു ലക്ഷം രൂപയ്ക്കു പുറമേ, കഴിഞ്ഞ ദിവസം വീണ്ടും ഒരു ലക്ഷം രൂപ കൂടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ, ഈ തുക കൈപ്പറ്റാൻ കുടുംബം തയാറായിട്ടില്ല.
ബാക്കി തുകയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പണമോ ജോലിയോ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായതെന്നും വാങ്ങിയ തുക തിരികെ അടയ്ക്കാനുള്ള പേപ്പർ വേണമെങ്കിൽ അയച്ചുതരാമെന്നു പറഞ്ഞ് ഉദ്യോഗസ്ഥർ നിലപാടെടുത്തതായും കുടുംബം പരാതിപ്പെട്ടു.
അമ്മ മരിച്ച് എട്ടു മാസം തികയാറായിട്ടും അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ ഓഫീസുകൾ കയറിയിറങ്ങി മടുത്തതോടെയാണ് സമരത്തിനിറങ്ങിയതെന്നും നീതി ലഭിക്കുന്നതു വരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉയർന്ന അധികാരികൾക്ക് പരാതി നൽകി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കുടുംബാംഗങ്ങൾ പറയുന്നു.