ചപ്പാരപ്പടവ്: ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവിൽ പഞ്ചായത്തുകളുടെ പ്രധാന കേന്ദ്ര ബിന്ദുവും മലയോര മേഖലകളുടെ ശിലാകേന്ദ്രവുമായ ഒടുവള്ളിയിൽ കെഎസ്ആർടിസി ഡിപ്പോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ വകുപ്പ് മന്ത്രി സി.പി. ജോണിനും ടി.കെ. ഗോവിന്ദൻ എംഎൽഎയ്ക്കും നിവേദനം നൽകി.
ഇപ്പോൾ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്നുമാണ് മലയോര മേഖലകളായ ഒടുവള്ളി, കുടിയാന്മല, പൊട്ടൻപ്ലാവ്, ചെമ്പന്തൊട്ടി, ചെമ്പേരി, ചപ്പാരപ്പടവ്, തടിക്കടവ്, നെല്ലിപ്പാറ, രയറോം, തേർത്തല്ലി, ചെറുപുഴ, മണക്കടവ്, ഉദയഗിരി തുടങ്ങിയ മലയോര പ്രദേശങ്ങളിലേക്കും ജില്ലയുടെ പുറത്ത് മലയോരമേഖലകളിൽ നിന്ന് ബംഗളൂരിലേക്കും, കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും, മംഗലാപുരം, പാലാ, പത്തനംതിട്ട, ഇടുക്കി, മാനന്തവാടി തുടങ്ങിയ പല പ്രദേശങ്ങളിലേക്കും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്.
ഒടുവള്ളി കേന്ദ്രമായി ഡിപ്പോ അനുവദിച്ചാൽ മലയോര മേഖലകൾ കേന്ദ്രീകരിച്ച് ലാഭകരമായ രീതിയിൽ കൂടുതൽ സർവീസുകൾ തുടങ്ങാനും സാധിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.