കെഎസ്ആർടിസി ബസിൽ പുരുഷൻമാർക്കും സീറ്റ് സംവരണം കൊണ്ടുവരണമെന്ന് നടി പ്രിയങ്ക അനൂപ്. മന്ത്രി ഗണേഷ് കുമാറിനോട് പറഞ്ഞാൽ അദ്ദേഹം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും രാജ്യാന്തര പുരുഷ ദിനത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ നടത്തിയ റാലിയിൽ പങ്കെടുത്ത് സംസാരിക്കവെ അവർ പറഞ്ഞു.
കെഎസ്ആർടിസി ബസിൽ പുരുഷൻമാർക്കും സീറ്റ് സംവരണം ഏർപ്പെടുത്തുക, പുരുഷ കമ്മീഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഓൾ കേരള മെൻസ് അസോസിയേഷന്റെ റാലി.
‘ബസിൽ സ്ത്രീകൾക്ക് സീറ്റ് സംവരണമുണ്ടെങ്കിൽ പുരുഷൻമാർക്കും സീറ്റ് വേണം. അവർക്ക് കൊടുക്കാതിരിക്കേണ്ട കാര്യമെന്താ? പ്രത്യേകിച്ച്, ഇപ്പോൾ ഭരിക്കുന്നത് ഗണേഷ് കുമാർ എന്ന ഞങ്ങളുടെ ഗണേഷേട്ടനാണ്.
ഇവർ വിഷയം ശ്രദ്ധയിൽപ്പെടുത്തിയാൽ തീർച്ചയായും പരിഹാരമുണ്ടാകും. പുരുഷ കമ്മീഷൻ അടിയന്തരമായി ഇവിടെ വേണമെന്നാണ് എന്റെ ആവശ്യം. പുരുഷ ദിനത്തിൽ നിങ്ങൾക്ക് സംസാരിക്കാനുള്ള വേദിയാണ് ഇവർ ഒരുക്കി തരുന്നത്.
നിങ്ങൾക്കുള്ള പ്രശ്നങ്ങൾ സംസാരിക്കാൻ ഒരു വേദിയില്ല. ഒന്നു തൊട്ടു, ഒന്ന് നോക്കി എന്ന് പറയുമ്പോഴേക്കും നിങ്ങൾ കുറ്റക്കാരാവുകയാണ്. ഇവരുടെ വേദന എന്താണെന്ന് മനസിലാക്കിയതുകൊണ്ടാണ് ഞാൻ നിങ്ങളുടെ കൂടെ നിൽക്കുന്നത്.’ പ്രിയങ്ക പറഞ്ഞു.