മലപ്പുറം: ബേപ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ കെടിഡിസി ചെയര്‍മാന്‍സ്ഥാനം നല്‍കാമെന്നു തെരഞ്ഞടുപ്പിനു മുമ്പുതന്നെ വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉറപ്പു നല്‍കിയത് ഓര്‍മിപ്പിച്ച് ഇപ്പോള്‍ കത്ത് നല്കിയെന്നേയുള്ളുവെന്ന് യുഡിഎഫ് അസോസിയേറ്റ് അംഗമായ പി.വി. അന്‍വര്‍.
ബോര്‍ഡ്, കോര്പറേഷന് ചെയര്മാന്സ്ഥാനങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള തർക്കത്തിനിടെയാണ് കഴിഞ്ഞ ദിവസം അന്‍വര്‍ കെടിഡിസി ചെയര്മാന്സ്ഥാനത്തിനായി അവകാശമുന്നയിക്കുകയും ഇതുസംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തത്.
കെടിഡിസി ചെയര്‍മാന്‍സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണു കത്ത് നല്‍കിയത്. നേതാക്കളുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് നേതൃത്വം വാക്ക് പാലിക്കുമെന്നാണു വിശ്വാസമെന്നും അന്‍വര്‍ പറഞ്ഞു.
ബേപ്പൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ പി.എ. മുഹമ്മദ് റിയാസിനോടാണ് പി.വി. അന്‍വര്‍ തോറ്റത്.
തോല്‍വിയുമായി ബന്ധപ്പെട്ട്, പാളയത്തില്‍നിന്നു ചിലര്‍ തന്നെ തിരിഞ്ഞുകുത്തിയെന്ന് അടുത്തിടെ പി.വി. അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു.