മൂന്നിലവ്: ഒട്ടേറെ വാദപ്രതിവാദങ്ങൾക്കും ഉദ്ഘാടനമാമാങ്കങ്ങൾക്കുമൊടുവിൽ കടവുപുഴ പാലത്തിന്റെ പുനർനിർമാണം ഇന്നലെ യാതൊരു ഔദ്യാഗിക ചടങ്ങുമില്ലാതെ ആരംഭിച്ചു. അവകാശവാദങ്ങൾ ഒന്നുമില്ലാതെ പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് പാലം തുറന്നുകൊടുക്കണമെന്ന മാണി സി. കാപ്പൻ എംഎൽഎയുടെ നിർദേശത്തെത്തുടർന്നാണ് നിർമാണോദ്ഘാടനമില്ലാതെ പണി ആരംഭിച്ചത്.
2021ൽ പ്രകൃതിക്ഷോഭത്തിൽ തകർന്ന പാലം നിർമിക്കുന്നതിനുള്ള പരിശ്രമത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തലനാട്, മേലുകാവ് പ്രദേശത്തുള്ള ജനങ്ങൾക്ക് എളുപ്പം മൂന്നിലവിൽ എത്താനുള്ള മാർഗമാണ് പാലം തകർന്നതോടെ ഇല്ലാതായത്. മാണി സി. കാപ്പൻ എംഎൽഎ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടതുസർക്കാരിൽ നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മാണി സി. കാപ്പൻ എംഎൽഎ ഫണ്ടിൽനിന്ന് അഞ്ചു കോടി രൂപ കടവുപുഴ പാലം പുനർനിർമാണത്തിനായി നീക്കിവച്ചങ്കിലും പാലം പഞ്ചായത്തിന്റെ ആസ്തിയാണെന്ന കാരണം പറഞ്ഞ് നിർമാണം തടഞ്ഞു.
തുടർന്ന്, ആവശ്യത്തിനു സ്ഥലം ലഭിക്കാത്തതു മൂലം മുടങ്ങിപ്പോയ ചില്ലച്ചി പാലത്തിന്റെ ഫണ്ട് ഈ ആവശ്യത്തിലേക്ക് നീക്കിവയ്ക്കണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പൻ നിരന്തരമായി നടത്തിയ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് അനുകൂല ഉത്തരവ് സമ്പാദിച്ചതോടെയാണ് പാലം പുനർനിർമാണത്തിനുള്ള വഴി തെളിഞ്ഞത്.
സമയബന്ധിതമായി സാങ്കേതികാനുമതിയും ഭരണാനുമതിയും നൽകണമെന്ന കോടതി നിർദേദേശത്തെത്തുടർന്നാണ് പ്രദേശവാസികളുടെ ചിരകാലസ്വപ്നം യാഥാർഥ്യമാകുന്നത്. പുതിയ സർക്കാർ വന്നതോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പണി ആരംഭിക്കുകയായിരുന്നു. പാലംപണിയുടെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ചെത്തി.
യുഡിഎഫ് ചെയർമാൻ ഷൈൻ പാറയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പയസ് ചൊവ്വാറ്റുകുന്നേൽ, ഷെയ്സ് വാഴയിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ചാർളി ഐസക്, ജോഷി ജോഷ്വാ, പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർ റാണി വിജയലക്ഷ്മി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ സന്തോഷ്, പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, പൊതുമരാമത്ത്, ജലവിഭവം, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ പാലത്തിന്റെ പുനർ നിർമാണം ആരംഭിച്ചു.