Kerala
കടുത്തുരുത്തി: മുന് എംഎല്എയും കേരളാ കോണ്ഗ്രസ് ചെയര്മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില് പി.എം. മാത്യു (75) അന്തരിച്ചു. മൂന്നാഴ്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്ച്ചെ 3.15 ഓടെ മാര് സ്ലീവാ മെഡിസിറ്റിയില് വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകുന്നേരം അഞ്ചിനു കടുത്തുരുത്തി അരുണാശേരിയിലെ വസതിയില് കൊണ്ടുവരും. സംസ്കാരം നാളെ (ബുധന്) മൂന്നിനു കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്.
1991-96 കാലത്ത് കടുത്തുരുത്തി എംഎല്എയായിരുന്നു. കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്കു മാറി. എക്സ് എംഎല്എ ഫോറം സംസ്ഥാന വര്ക്കിംഗ് ചെയര്മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്ഷം പ്രവര്ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്, കടുത്തുരുത്തി). മക്കള്- അനു പി. മാത്യു (അസോ. പ്രഫസര് ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ് മാത്യു (ഇരുവരും സിംഗപ്പുർ).
District News
കടുത്തുരുത്തി: നിയമസഭാ മത്സരം നടക്കുന്ന വേളയില് സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് കടുത്തുരുത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന് ഒരു വാര്ഡിലൊഴികെ ഏതാണ്ട് മുഴുവന് വാര്ഡിലും സ്ഥാനാര്ഥികളെ കണ്ടെത്തി പ്രചാരണം ആരംഭിച്ചാണ് യുഡിഎഫ് രംഗത്ത് വന്നത്. തര്ക്കങ്ങളില്ലാതെ എല്ലാ വാര്ഡുകളിലും സ്വീകാര്യരായ സ്ഥാനാര്ഥികളുമായി ഇടതുമുന്നണിയും, മുമ്പ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ നഷ്ടപ്പെട്ടുപോയ പ്രാതിനിധ്യം കൂടുതല് കരുത്തോടെ തിരിച്ചുപിടിക്കാന് ബിജെപിയും മത്സരരംഗത്ത് ഇറങ്ങിയതോടെ പോരാട്ടം കടുക്കുകയാണ്.
സ്ഥാനാര്ഥി നിര്ണയത്തിന് സമയം എടുക്കേണ്ടിവന്ന 19-ാം വാര്ഡില് സമവായത്തിലൂടെ കോണ്ഗ്രസ് മെംബറായിരുന്നയാളെ കേരള കോണ്ഗ്രസ് തങ്ങളുടെ ചിഹ്നം നല്കി സ്ഥാനാര്ഥിയാക്കി സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ജനറല് വാര്ഡായ ഇവിടെ സിപിഐയുടെ സിറ്റിംഗ് സീറ്റില് മുന് മെംബറായ വനിത തന്നെയാണ് മത്സരരംഗത്തുള്ളത്. ബിജെപിയുടെ സ്ഥാനാര്ഥിയും മത്സരരംഗത്തുണ്ട്. 19 വാര്ഡുകളായിരുന്ന പഞ്ചായത്തില് ഇക്കുറി ഒന്ന് വര്ധിച്ചതോടെ വാര്ഡുകളുടെ എണ്ണം 20 ആയി ഉയര്ന്നു. മൂന്നാമതും ഭരണം നിലനിര്ത്താനുള്ള ശ്രമത്തിലാണ് ഇടതമുന്നണി.
കേരള കോണ്ഗ്രസുകാരുടെ കേന്ദ്രമെന്ന പേരുകേട്ട നാട്ടില് അഞ്ച് വാര്ഡുകളില് കേരള കോണ്ഗ്രസും കേരള കോണ്ഗ്രസ്-എമ്മും തമ്മിലാണ് പ്രധാന മത്സരം. 2015ല് ആപ്പൂഴ വാര്ഡില്നിന്ന് ആദ്യമായി പഞ്ചായത്തിലേക്ക് ബിജെപിക്ക് പ്രതിനിധിയെ ലഭിച്ചിരുന്നു. മൂന്ന് മുന്നണികള് തമ്മില് ശക്തമായ മത്സരം നടക്കുന്ന വാര്ഡുകളും സ്വതന്ത്രന്മാര് കരുത്തോടെ രംഗത്തുള്ള വാര്ഡുകളുമെല്ലാമായി കടുത്തുരുത്തിയിലെ മത്സരം പ്രവചനാതീതമാവുകയാണ്.
20 വാര്ഡുകളുള്ള പഞ്ചായത്തില് 66 സ്ഥാനാര്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനം ജനറലാണ്. യുഡിഎഫില് കോണ്ഗ്രസ് 13ഉം കേരള കോണ്ഗ്രസ് ഏഴിടത്തും മത്സരിക്കുമ്പോള്, എല്ഡിഎഫില് സിപിഎം ഒമ്പതിടത്തും കേരള കോണ്ഗ്രസ്-എം എട്ടിടത്തും സിപിഐ മൂന്ന് വാര്ഡിലുമാണ് ജനവിധി തേടുന്നത്. ബിജെപി 20 വാര്ഡിലും മത്സരരംഗത്തുണ്ട്.
District News
കടുത്തുരുത്തി: തദ്ദേശ തെരഞ്ഞെടുപ്പുരംഗം സജീവമായതോടെ നാടാകെ തെരഞ്ഞെടുപ്പ് ചൂടില്. പല പഞ്ചായത്തുകളിലും മുന്നണികള്ക്കുള്ളിലെ കക്ഷികള് തമ്മിലുള്ള സീറ്റ് വിഭജനം അവസാനഘട്ടത്തിലാണ്. പലയിടത്തും തര്ക്കങ്ങള് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. വനിതാ സംവരണ സീറ്റുകളില് സ്ഥാനാര്ഥികള്ക്കായി രാഷ്ട്രീയ പാര്ട്ടികള് പരക്കം പായുന്ന കാഴ്ചയും കാണാനാകും. ചില പഞ്ചായത്തുകളില് പ്രധാന മുന്നണി സ്ഥാനാര്ഥികളും സ്വതന്ത്രരുമെല്ലാം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കല്ലറ പഞ്ചായത്തില് 14 സീറ്റുകളാണുള്ളത്.
എല്ഡിഎഫിലെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയായെങ്കിലും ചില സീറ്റുകള് കക്ഷികള് തമ്മില് വച്ചുമാറുന്നത് സംബന്ധിച്ച തര്ക്കത്തില് അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫില് 10 സീറ്റില് കോണ്ഗ്രസും നാല് സീറ്റില് കേരള കോണ്ഗ്രസുമാണ് മത്സരിക്കുന്നത്. സ്ഥാനാര്ഥി നിര്ണയം പൂര്ത്തിയായി. പ്രഖ്യാപനം ഇന്ന് രാവിലെയുണ്ടാകും.
ബിജെപി മുന്നണിയുടെ ആദ്യഘട്ട സ്ഥാനാര്ഥി പട്ടിക പ്രഖ്യാപിച്ചു. സ്ഥാനാര്ഥികള് പ്രചാരണവും തുടങ്ങി. ബാക്കിയുള്ള സ്ഥാനാര്ഥി നിര്ണയം അവസാനഘട്ടത്തിലാണ്. മാഞ്ഞൂരില് യുഡിഎഫ് സ്ഥാനാര്ഥി പ്രഖ്യാപനം നടന്നു. പ്രചാരണവും തുടങ്ങി. എല്ഡിഎഫ് സീറ്റ് വിഭജനം പൂര്ത്തിയായെങ്കിലും സ്ഥാനാര്ഥി പ്രഖ്യാപനം പൂര്ത്തിയായിട്ടില്ല. മാഞ്ഞൂരില് എല്ഡിഎഫ് മുന്നണിയില് കേരള കോണ്ഗ്രസ്-എം മത്സരിക്കുന്ന ഒമ്പത് സീറ്റുകളിലെയും സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. ബിജെപി ആദ്യഘട്ട സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുളക്കുളം പഞ്ചായത്തില് ആകെയുള്ളത് 18 സീറ്റാണ്. മൂന്ന് മുന്നണികളിലെയും സീറ്റ് വിഭജനം പൂര്ത്തിയായി. സ്ഥാനാര്ഥി നിര്ണയം അന്തിമഘട്ടത്തിലാണ്. എല്ഡിഎഫില് ഒമ്പത് സീറ്റില് സിപിഎം, മൂന്ന് സീറ്റില് സിപിഐ, ആറ് സീറ്റില് കേരള കോണ്ഗ്രസ്-എം എന്നിങ്ങനെയാണ് മത്സരിക്കുന്നത്.
യുഡിഎഫില് കോണ്ഗ്രസ്-13, കേരള കോണ്ഗ്രസ്-നാല്, കേരള കോണ്ഗ്രസ്-ജേക്കബ്-ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. എന്ഡിഎയില് ബിജെപി 16 സീറ്റിലും ബിഡിജെഎസ് രണ്ട് സീറ്റിലും മത്സരിക്കുന്നു. കടുത്തുരുത്തിയില് ആകെയുള്ളത് 20 സീറ്റാണ്. യുഡിഎഫ് സീറ്റ് വിഭജനം പൂര്ത്തിയായി. സ്ഥാനാര്ഥികള് പ്രചാരണവും തുടങ്ങി. എല്ഡിഎഫ് സീറ്റ് വിഭജനം പൂര്ണമായി.
സ്ഥാനാര്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് നേതാക്കള് പറഞ്ഞു. എൻഡിഎയില് ബിജെപി 20 സീറ്റിലും സ്ഥാനാര്ഥികളെ നിര്ത്തുന്നുണ്ട്.
District News
കടുത്തുരുത്തി: ഞീഴൂര് പഞ്ചായത്തു പരിധിയില് വരുന്ന മരങ്ങോലി ഗവണ്മെന്റ് എല്പി സ്കൂളിന് പുതിയ കെട്ടിടം നിര്മിക്കാൻ സംസ്ഥാന സര്ക്കാര് 1.20 കോടി രൂപയുടെ അനുമതി നല്കിയതായി മോന്സ് ജോസഫ് എംഎല്എ.
നവകേരള സദസിന്റെ ഭാഗമായി കടുത്തുരുത്തി മണ്ഡലത്തില്നിന്ന് നിര്ദേശിച്ച പദ്ധതി അംഗീകരിച്ചുകൊണ്ടാണ് ഭരണാനുമതി നല്കിയത്.
തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡ് ബിഎം ആൻഡ് ബിസി ഹൈടെക് നിലവാരത്തില് നവീകരിക്കുന്നതിന് 5.80 കോടി രൂപ സര്ക്കാര് അനുവദിച്ചതായും എംഎല്എ അറിയിച്ചു. കടുത്തുരുത്തി മണ്ഡലത്തില് നടന്ന നവകേരള സദസിന്റെ ഭാഗമായി സര്ക്കാര് അംഗീകരിച്ച രണ്ടാമത്തെ പ്രോജക്റ്റായിട്ടാണ് ഇത് ഉള്പ്പെടുത്തിയിട്ടുള്ളത്.
രണ്ട് പദ്ധതികളിലായി ഏഴു കോടി രൂപയുടെ ഭരണാനുമതിയാണ് സര്ക്കാര് നല്കിയിട്ടുള്ളത്. രണ്ട് വികസന പദ്ധതികളും പ്രാവര്ത്തികമാക്കുന്നതിന് പിഡബ്ല്യുഡി റോഡ്സ് വിഭാഗവും ബില്ഡിംഗ്സ് വിഭാഗവും തുടര്നടപടികള്ക്ക് തുടക്കംകുറിച്ചു.
പ്രോജക്ടുകള് സംബന്ധിച്ച് മോന്സ് ജോസഫിന്റെ നേതൃത്വത്തില് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്. ബാലഗോപാലുമായി നടത്തിയ ചര്ച്ചയുടെ അടിസ്ഥാനത്തിലാണ് രണ്ട് പദ്ധതികള്ക്കും സര്ക്കാര് അനുമതി നല്കിയത്.
District News
കടുത്തുരുത്തി: കോട്ടയം സഹോദയ സയന്സ് എക്സ്പോ ഇന്സ്പെയര്-2025ല് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിന് തുടര്ച്ചയായ മിന്നും വിജയം. മൂന്നു ജില്ലകളിലെ വിവിധ സ്കൂളുകളില്നിന്നായി ആയിരത്തിലേറെ കുട്ടികള് പങ്കെടുത്ത ശാസ്ത്രപ്രദര്ശനത്തില് ഓവറോള് ചാമ്പ്യന്ഷിപ്പ് നേടിയാണ് വര്ഷങ്ങളായി തുടരുന്ന തങ്ങളുടെ മേധാവിത്വം ഇത്തവണയും എസ്കെപിഎസ് നിലനിര്ത്തിയത്.
മത്സരയിനങ്ങളില് എല്ലാത്തിലും സമ്മാനം നേടാന് സ്കൂളിന് കഴിഞ്ഞു. എരുമേലി നിര്മല പബ്ലിക് സ്കൂളില് രണ്ടു ദിവസമായി നടന്ന പ്രദര്ശനത്തിലാണ് ബെസ്റ്റ് സ്റ്റോള്, വര്ക്കിംഗ് മോഡല്, സ്റ്റില് മോഡല്, സാലഡ് മേക്കിംഗ്, ചാര്ട്ട് മേക്കിംഗ്, ഫ്ളവര് അറേഞ്ചുമെന്റ്, വെജിറ്റബിള് കാര്വിംഗ്, റീസൈക്ലിംഗ്, കൊളാഷ് തുടങ്ങിയ ഇനങ്ങളില് ഒന്നാമതെത്തി സ്കൂള് ചാമ്പ്യന്ഷിപ്പ് സ്വന്തമാക്കിയത്.
കഴിഞ്ഞ പത്തു വര്ഷമായി എസ്കെപിഎസ് സ്കൂളിനാണ് കോട്ടയം സഹോദയ ശാസ്ത്രമേളയില് ഓവറോള് ചാമ്പ്യന്പട്ടം. എഐ റോബോട്ടിക്സ്, മാലിന്യസംസ്കരണം, റീസൈക്ലിംഗ്, ശാസ്ത്ര പുരോഗതിക്കുള്ള നൂതന മാര്ഗങ്ങള്, വിവിധ ആര്ട്ട് മോഡലുകള് തുടങ്ങിയ മാതൃകകളാണ് കുട്ടികള് പ്രദര്ശിപ്പിച്ചത്.
വിവിധ ഹൗസ് ക്യാപ്റ്റന്മാരുടെയും സയന്സ്, ആര്ട്ട് അധ്യാപകരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപ്രദര്ശനത്തിനുള്ള ഒരുക്കങ്ങള് നടത്തിയത്. വിജയികളെയും നേതൃത്വം നല്കിയ അധ്യാപകരെയും സ്കൂള് മാനേജര് ഫാ. ബിനോ ചേരിയില്, അസിസ്റ്റന്റ് മാനേജര് ഫാ. ജിന്സ് പുതുപ്പള്ളിമ്യാലില്, പ്രിന്സിപ്പള് അജീഷ് കുഞ്ചിറക്കാട്ട്, പിടിഎ പ്രസിഡന്റ് കെന്നി തുടങ്ങിയവര് അഭിനന്ദിച്ചു.
District News
കടുത്തുരുത്തി: കടുത്തുരുത്തി-മാന്നാര് തെക്കുംപുറം പാടശേഖരത്തില് വെര്ട്ടിക്കല് ആക്സിസ് ഫ്ളോ പമ്പും ട്രാന്സ്ഫോര്മറും സ്ഥാപിക്കാന് ജില്ലാ പഞ്ചായത്ത് 28 ലക്ഷം രൂപ അനുവദിച്ചു. കടുത്തുരുത്തി- മാന്നാര് തെക്കുംപുറം പാടശേഖരത്തില് അമിതമായ മഴമൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനാണ് ആധുനിക നിലവാരത്തിലുള്ള വെര്ട്ടിക്കല് ആക്സിസ് ഫ്ളോ പമ്പും ട്രാന്സ്ഫോര്മറും സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലാ പറഞ്ഞു.
തുക പാടശേഖരസമിതിക്ക് കൈമാറിയെന്നും പദ്ധതി പൂര്ത്തീകരിച്ചുവെന്നും ജോസ് പുത്തന്കാലാ അറിയിച്ചു. പലപ്പോഴും കാലം തെറ്റി പെയ്യുന്ന മഴയും അതേത്തുടര്ന്നുണ്ടാകുന്ന വെള്ളപ്പൊക്കവുംമൂലം നെല്ച്ചെടികള് വെള്ളത്തിനടിയിലാവുക പതിവാണ്. പാടത്ത് നിറയുന്ന വെള്ളം യഥാസമയത്ത് വറ്റിച്ചു നെല്ച്ചെടികളെ സംരക്ഷിക്കാന് നിലവിലുള്ള മോട്ടോര്, പെട്ടി, പറ സംവിധാനങ്ങള് പര്യാപ്തമല്ല. നെല്ച്ചെടികള് ദിവസങ്ങളോളം വെള്ളത്തില് കിടക്കുന്നതാണ് കൃഷിനാശത്തിനു കാരണം.
ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കര്ഷകര്ക്ക് ഉണ്ടാകുന്നത്. 130 നിലമുടമകളും 210 ഏക്കര് വിസ്തൃതിയുമുള്ള തെക്കുംപുറം പാടത്തിന് ആധുനിക സാങ്കേതിക നിലവാരമുള്ള വെര്ട്ടിക്കല് ആക്സിസ് ഫ്ളോ പമ്പ് ലഭ്യമായതോടെ പാടത്തുണ്ടാകുന്ന വെള്ളക്കെട്ടിനും കൃഷിനാശത്തിനും പരിഹാരമാകുമെന്നും ജോസ് പുത്തന്കാലാ പറഞ്ഞു.