തിരുവമ്പാടി: തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ കക്കുണ്ട് ഭാഗത്ത് കാർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. കഴിഞ്ഞദിവസം വൈകീട്ടാണ് അപകടം. തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുകയായിരുന്ന കക്കാടംപൊയിൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരിൽ ഒരു സ്ത്രീക്ക് സാരമായി പരിക്കേറ്റു. മറ്റ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. അപകടം കണ്ട നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
റോഡിനോട് ചേർന്നുതന്നെയാണ് തോട് സ്ഥിതി ചെയ്യുന്നത്. അപകടം നടന്ന ഭാഗത്ത് മതിയായ സുരക്ഷാസംവിധാനങ്ങളോ സംരക്ഷണഭിത്തിയോ ഇല്ലാത്തതാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു.
മഴക്കാലത്ത് റോഡിന്റെ വക്കുകൾ വ്യക്തമായി കാണാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു.ഇതേ സ്ഥലത്ത് മുമ്പും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഒരു ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞിരുന്നു.
കഴിഞ്ഞ വർഷവും ഒരു കാർ തോട്ടിൽ പതിച്ച് അപകടമുണ്ടായതോടെ പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.