കല്‍പ്പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് പുഷ്പോത്സവം 27 മുതല്‍ ജനുവരി രണ്ട് വരെ കല്‍പ്പറ്റ ബൈപാസിന് സമീപം ഗ്രൗണ്ടില്‍ നടത്തും.
സൊസൈറ്റി വൈസ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി വി.പി. രത്നരാജ്, ജോയിന്റ് സെക്രട്ടറി ഹാഫിസ് മുഹമ്മദ്, ട്രഷറര്‍ ഒ.എ. വീരേന്ദ്രകുമാര്‍, അഷ്റഫ് വേങ്ങാട്ട്, എ.പി. അലി, ഷാഫി, ജാക്സണ് ജോര്‍ജ്, ആന്റോ ജോബി, ജി. അനൂപ്, എം. ജിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. പുഷ്പോത്സ പന്തലിന്റെ കാല്‍നാട്ടുകര്‍മം വ്യാഴാഴ്ച വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് നിര്‍വഹിക്കും. 27ന് വൈകുന്നേരം അഞ്ചിന് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് ആരംഭിക്കുന്ന ഘോഷയാത്ര പുഷ്പോത്സവ നഗരിയില്‍ പ്രവേശിക്കുന്ന മുറയ്ക്ക് ഉദ്ഘാടന സമ്മേളനം ചേരും.
അവധി ദിവസങ്ങളില്‍ രാവിലെ 11 മുതലും മറ്റുദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മുതലും പുഷ്പോത്സവ നഗരയില്‍ പ്രവേശനം അനുവദിക്കും. ദിവസവും രാത്രി 11 വരെയാണ് പ്രവര്‍ത്തനം. മുതിര്‍ന്നവര്‍ക്ക് 80 ഉം കുട്ടികള്‍ക്ക് 40 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് ജെകെ അമ്യൂസ്മെന്റിന്റെ സഹകരണത്തോടെയാണ് ഫ്ളര്‍ഷോ നടത്തിപ്പ്. വിശാലമായ ഉദ്യാനം, ആമസോണ്‍ ഫോറസ്റ്റ്, ഗോസ്റ്റ് ഹൗസ്, സെല്‍ഫി പോയിന്റുകള്‍, അമ്യൂസ്മെന്റ് റൈഡുകള്‍, കലാ-വിനോദ് പരിപാടികള്‍ എന്നിവ പുഷ്പോത്സവ നഗരിയില്‍ ഉണ്ടാകും. പുഷ്പരാജാ-പൂഷ്പറാണി, ചിത്രരചന, പാചക, കരോക്കെ, ഡാന്‍സ്, മെഹന്തി, റീല്‍സ് മത്സരങ്ങള്‍ വിവിധ ദിവസങ്ങളില്‍ നടത്തും. ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബിസിനസ് സ്റ്റാളുകള്‍, നഴ്സറി സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ നഗരിയില്‍ ഉണ്ടാകും. കര്‍ഷകര്‍ക്ക് വിവിധ ദിവസങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും.