മാലോം: മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചിറ്റാരിക്കൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 506 പോയിന്റോടെ കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 480 പോയിന്റ് നേടിയ ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
മാലോത്തിന് കലയുടെ ഉത്സവലഹരി പകർന്ന മേള സംഘാടനമികവുകൊണ്ടും മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സമാപനദിവസമായ വെള്ളിയാഴ്ച രാത്രി വൈകി കനത്ത മഴയ്ക്കിടയിലും വലിയ ജനസഞ്ചയമാണ് കലോത്സവവേദിയിലുണ്ടായിരുന്നത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 250 പോയിന്റോടെ കമ്പല്ലൂർ ഒന്നാമതെത്തിയപ്പോൾ 193 പോയിന്റ് നേടിയ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂൾ വിഭാഗത്തിൽ 243 പോയിന്റോടെ ചിറ്റാരിക്കൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാംസ്ഥാനവും 183 പോയിന്റോടെ ചായ്യോത്ത് സ്കൂൾ രണ്ടാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ 80 വീതം പോയിന്റ് നേടി ചായ്യോത്ത് സ്കൂളും കോട്ടമല എംജിഎം എയുപി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 78 പോയിന്റ് നേടിയ തോമാപുരം സെന്റ് തോമസ് ചിറ്റാരിക്കൽ സെന്റ് മേരീസ് സ്കൂളുകളാണ് രണ്ടാം സ്ഥാനത്ത്. എൽപി വിഭാഗത്തിൽ വെള്ളരിക്കുണ്ട് നിർമലഗിരി എഎൽപി സ്കൂൾ 65 പോയിന്റോടെ ഒന്നാംസ്ഥാനവും പാലാവയൽ സെന്റ് ജോൺസ്, തോമാപുരം സെന്റ് തോമസ് എൽപി സ്കൂളുകൾ 63 പോയിന്റ് വീതം നേടി രണ്ടും സ്ഥാനവും കരസ്ഥമാക്കി.എൽപി വിഭാഗത്തിലെ മുഴുവൻ മത്സര ഇനങ്ങളിലും എ ഗ്രേഡ് നേടി മുഴുവൻ പോയിന്റും സ്വന്തമാക്കിയാണ് വെള്ളരിക്കുണ്ട് നിർമലഗിരി എഎൽപി സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്.
സമാപന സമ്മേളനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. എൻ.വി. പ്രമോദ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ബിൻസി ജെയിൻ, എഇഒ ജോയ എം. ജോർജ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പാറക്കോൽ രാജൻ, ജെസി ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ പി.വി. ജിത, മിനി മാത്യു, റോസിലിൻ സിബി, എം. ലക്ഷ്മി, മിനി ആന്റണി, മിനി രവീന്ദ്രൻ, ഷീബ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ മിനി പോൾ, മുഖ്യാധ്യാപകൻ എം.കെ. പ്രസാദ്, എം.വി. പ്രമോദ് കുമാർ, ജോർജ് ജോസഫ്, ജിതേഷ് ജോസഫ്, പി.ജെ. ആൻഡ്രൂസ്, വി.വി. രാഘവൻ, സി.സി. അരൂപ്, സി. ചന്ദ്രൻ, രഞ്ജു ബാബുരാജ്, മാർട്ടിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.