ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന യുവതലമുറയിലെ പ്രതിഭകളെ ഉൾപ്പെടുത്തി ടൈം മാഗസിൻ ആദ്യമായി പുറത്തിറക്കിയ ‘ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026’ പട്ടികയിൽ ഇടം നേടി മലയാള സിനിമയും.
മലയാളികളായ പാർവതി തിരുവോത്ത്, കനി കുസൃതി, ദുൽഖർ സൽമാൻ, നയൻതാര എന്നിവരാണ് പട്ടികയിൽ തിളങ്ങിയത്.
സിനിമയ്ക്കകത്തും പുറത്തും സ്വീകരിച്ച നിലപാടുകളും കലാപരമായ ഇടപെടലുകളുമാണ് താരങ്ങളെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയത്.
‘ഫീനോംസ്’ എന്ന വിഭാഗത്തിലാണ് പാർവതി തിരുവോത്ത് ഉൾപ്പെട്ടിരിക്കുന്നത്. അഭിനയത്തിനപ്പുറം നിലപാടുകളുടെ കരുത്ത് കൊണ്ടും പാർവതി വേറിട്ടുനിൽക്കുന്നുവെന്നാണ് ബോളിവുഡ് നടി റിച്ച ഛദ്ദ ടൈം മാഗസിനിൽ കുറിച്ചത്.
തിരക്കഥകളിൽ മാത്രം ധൈര്യം കാണിക്കുന്ന പലർക്കുമിടയിൽ യഥാർത്ഥ ജീവിതത്തിൽ ധൈര്യത്തിന്റെ മുഖമായി മാറിയ താരമാണ് പാർവതിയെന്ന് റിച്ച വിലയിരുത്തുന്നു.
ശരിയുടെ പക്ഷം ചേർന്നതിന്റെ പേരിൽ വലിയ അവസരങ്ങൾ നഷ്ടമായപ്പോഴും പതറാതെ നിന്ന പാർവതിയുടെ സാന്നിധ്യം സിനിമാരംഗത്തെ സ്ത്രീകൾക്ക് വലിയ കരുത്താണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ആർട്ടിസ്റ്റ്സ്’ വിഭാഗത്തിലാണ് കനി കുസൃതിയും ദുൽഖർ സൽമാനും ഇടം പിടിച്ചത്. ബഹുമുഖ ഭാഷാ സിനിമകളിലെ സാന്നിധ്യവും നിർമ്മാണ രംഗത്തെ പുത്തൻ പരീക്ഷണങ്ങളുമാണ് ദുൽഖറിനെ ശ്രദ്ധേയനാക്കിയതെന്ന് നടൻ അനിൽ കപൂർ ടൈം മാഗസിനിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
മമ്മൂട്ടി എന്ന വലിയ പാരമ്പര്യത്തിന്റെ പ്രതീക്ഷകൾക്കിടയിലും സ്വന്തമായൊരു പാത വെട്ടിത്തുറക്കാൻ ദുൽഖർ കാണിച്ച ആത്മവിശ്വാസം അനിൽ കപൂർ എടുത്തുപറയുന്നു.
നല്ല കഥകൾക്കും പുതിയ പ്രതിഭകൾക്കും വേദിയൊരുക്കുന്ന നിർമ്മാതാവ് എന്ന നിലയിലുള്ള ദുൽഖറിന്റെ കാഴ്ചപ്പാടുകളും കുറിപ്പിൽ പ്രശംസിക്കപ്പെടുന്നു.
പട്ടികയിൽ ഉൾപ്പെട്ട മറ്റ് മലയാള താരമായ നയൻതാരയുടെ നേട്ടങ്ങളും സിനിമാ മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്.