കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ കാറുകളടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം വീണ്ടും നിരോധിച്ചു. നിർമാണ സ്ഥലത്തുകൂടി കാറുകളടക്കമുള്ള വാഹനങ്ങൾ കടന്നു പോകുന്നത് അപകടത്തിനിടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് അധികൃതർ ഗതാഗതം നിരോധിച്ചത്. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണിന്റെ നിർമാണം നിലച്ചതോടെ നാട്ടുകാർ ചേർന്ന് ഈ റോഡ് വെള്ളിയാഴ്ച തുറന്നിരുന്നു. തൂണിന്റെ കോൺക്രീറ്റിംഗ് വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു റോഡ് നാട്ടുകാർ ചേർന്ന് തുറന്നത്. നിലവിൽ റോഡിന്റെ പാതിയോളം ബൈപ്പാസിന്റെ തൂണ് നിർമിക്കാൻ കുഴിയെടുത്തിരുന്നു. വലിയ ഗർത്തമാണ് ഇപ്പോൾ ഇവിടെയുള്ളത്.
ഇതിനിടെ ബൈപ്പാസിന്റെ പാലത്തിന്റെ തൂണിന്റെ കോൺക്രീറ്റിംഗ് വീണ്ടും വൈകുകയാണ്. അന്തിമ രൂപരേഖയ്ക്ക് ഐഐടിയിൽ നിന്ന് അനുമതി വൈകുന്നതാണ് കാരണം. നാളെ കോൺക്രീറ്റിംഗ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎയും കരാർ കമ്പനിയും അടക്കമുള്ളവർ.