മേപ്പാടി: പഞ്ചായത്തിലെ കാപ്പംകൊല്ലി-കര്‍പ്പൂരക്കാട് റോഡ് തകര്‍ന്നത് ജനങ്ങളെ ദുരിതത്തിലാക്കി. അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. മഴ പെയ്താല്‍ റോഡ് ചെളിക്കുളമാകുന്ന സ്ഥിതിയാണ്. അനേകം കുടുംബങ്ങള്‍ ദിനേന യാത്രയ്ക്ക് ആശ്രയിക്കുന്നതാണ് റോഡ്.
ഇതുവഴി ഓടുന്ന വാഹനങ്ങള്‍ അടിക്കടി കേടാകുന്നത് ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുകയാണ്. കുഴിയില്‍ വീണ് ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് അപൂര്‍വതയല്ല. ഈ റോഡിലൂടെ സര്‍വീസ് നടത്താന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് വിമുഖതയാണ്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് പലവട്ടം അധികാരികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.