യുണൈറ്റഡ് നേഷൻസ്: വിശ്വാസം, മതസ്വാതന്ത്ര്യം, മൃതദേഹങ്ങളുടെ സംസ്കാരം എന്നിവയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പാക്കിസ്ഥാൻ 1999 ലെ കാർഗിൽ യുദ്ധകാലത്ത് സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നുവെന്ന് ഇന്ത്യ.
കാഷ്മീരിൽ സൈനികനടപടിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതിൽ വീഴ്ചകളുണ്ടെന്ന യുഎൻ പ്രത്യേകപ്രതിനിധി നസില ഘാനിയയുടെ റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു ഇന്ത്യ. മൃതദേഹങ്ങൾ കുടുംബങ്ങൾക്കു തിരിച്ചു നൽകുന്നതിൽ വൈമനസ്യം കാണിക്കുന്നു, ദൂരെ രഹസ്യമായി സംസ്കരിക്കുന്നു തുടങ്ങിയ ആരോപണങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിനോടുള്ള പ്രതികരണത്തിലാണ് കാർഗിലിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും സ്വീകരിക്കാത്ത ഒരു രാജ്യം വിശ്വാസം, മതസ്വാതന്ത്ര്യം, മൃതസംസ്കാരം എന്നിവയെക്കുറിച്ച് ലജ്ജയില്ലാതെ സംസാരിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദൻ പ്രതികരിച്ചത്. നിരവധി പാക് സൈനികരെ എല്ലാ ബഹുമതികളോടെയും ഇസ്ലാമിക ആചാരങ്ങളോടെയും ഇന്ത്യ സംസ്കരിച്ചിട്ടുണ്ടെന്നും ഫസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.