രാജാക്കാട്: ടൗണിലും പള്ളിയിലും ക്ഷേത്രത്തിലുമെല്ലാം നിറസാന്നിധ്യമായിരുന്ന കരിമ്പ് ശശി എന്നുവിളിക്കുന്ന പനച്ചിക്കുഴി പുതുശേരില്‍ ശശി (61) ഓര്മയായപ്പോള് ബാക്കിയായത് 1.15 ലക്ഷം രൂപ. ടൗണിലെ കെട്ടിടത്തിന്റെ തിണ്ണയില്‍ കഴിഞ്ഞിരുന്ന ശശിയുടെ മരണത്തിനു ശേഷം അദ്ദേഹം സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോഴാണ് ഈ തുക ലഭിച്ചത്.
മാതാപിതാക്കള്‍ മരിച്ച ശേഷം
പനച്ചിക്കുഴിയിലെ വീട്ടില്‍ വല്ലപ്പോഴും ചെല്ലുന്ന ശശി എപ്പോഴും രാജാക്കാട്ടെ നിറസാന്നിധ്യമായിരുന്നു. എവിടെ കരിമ്പ് കണ്ടാലും ആരോടും ചോദിക്കാതെ ഒടിച്ച് കഴിക്കുന്നതിനാലാണ് കരിമ്പ് ശശിയെന്ന പേരുവീണത്. സമീപത്തെ സ്കൂളിനു സമീപമായിരുന്നു കുളിയും കിടപ്പുമെല്ലാം.
എല്ലാ മരണ വീടുകളിലും എത്തുന്ന ശശി സംസ്കാരം കഴിഞ്ഞേ അവിടെനിന്ന് മടങ്ങൂ. രാജാക്കാട്ടെ ഉത്സവങ്ങളിലും തിരുനാളുകളിലും വിവാഹ സത്കാരത്തിലുമെല്ലാം പങ്കെടുക്കും. പരിചയക്കാരെ കണ്ടാല്‍ ചായക്കാശ് വാങ്ങും. ഇതു കൂട്ടിവച്ചാണ് ശശിയുടെ കരുതല്‍ ശേഖരം ഒരു ലക്ഷത്തിന് മുകളിലായത്. രാജാക്കാട് മഠത്തില്‍നിന്നു മിക്ക ദിവസങ്ങളിലും ഭക്ഷണവും ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം അവശത അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് രാജാക്കാട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ രണ്ട് കിഡ്നികളും തകരാറിലായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബന്ധുക്കളോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് ചികിത്സ നല്കി. ചികിത്സയില്‍ വലിയ പുരോഗതി ഉണ്ടാവാത്തതിനാല്‍ സഹോദരിമാര്‍ താമസിക്കുന്ന തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മൃതദേഹം രാജാക്കാട് പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
സംസ്കാരത്തിനു ശേഷം ടൗണിലെ ജൂവലറിയുടെ വശത്തുള്ള ചെറിയ മുറിയുടെ സ്റ്റെയര്‍കേസിന് അടിയിലായി സൂക്ഷിച്ചിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ കണ്ടെത്തിയത്.
കടയുടമ കളീക്കല്‍ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, മര്‍ച്ചന്റ്സ് അസോസിയേഷന് ട്രഷറര്‍ വി.സി. ജോണ്സണ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക എണ്ണി തിട്ടപ്പെടുത്തി.
ശശിയുടെ ചികിത്സാച്ചെലവിന് പണം ചെലവാക്കിയ ബന്ധുക്കള്‍ക്ക് തുക നല്‍കുമെന്ന് രാജാക്കാട് പോലീസ് പറഞ്ഞു.