ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിൽ ആരംഭിച്ച അമർഷം പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ എംഎൽഎമാർ രാജി പ്രഖ്യാപിച്ചതോടെ ഭരണകക്ഷിയിൽ കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. അനുനയ നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് രംഗത്തെത്തിയെങ്കിലും പാർട്ടിയിൽ അനിശ്ചിതത്വം തുടരുകയാണ്.
മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും രാജി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായാണ് വിവരം. പ്രിയ നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡ്യ, കൊപ്പള, വിജയനഗരി എന്നിവിടങ്ങളിൽ അണികൾ തെരുവിലിറങ്ങി. വിജയനഗരിയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ കടുത്ത രോഷമുയരുകയും പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു.
ഒൻപത് പുതുമുഖങ്ങളും ഒരു വനിതയും ഉൾപ്പെടെ 20 പേരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മലയാളി നേതാവ് എൻ.എ. ഹാരിസ്, മുൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു എന്നിവർ പുതിയ പട്ടികയിൽ നിന്ന് പുറത്തായി. അതേസമയം, വിവാദ പരാമർശങ്ങൾ നടത്തിയ സമീർ അഹമ്മദ് ഖാൻ സ്ഥാനം നിലനിർത്തി. ജി.എസ്. പാട്ടീൽ സ്പീക്കറായും പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറായി സലീം അഹമ്മദും ഡെപ്യൂട്ടി സ്പീക്കറായി ഉമാശ്രീയും നിയമിതരാകും.
മന്ത്രിസഭയിൽ ഒറ്റ വനിതയ്ക്ക് മാത്രം പ്രാതിനിധ്യം നൽകിയതിലും പ്രമുഖരെ ഒഴിവാക്കിയതിലും പാർട്ടി നേതൃത്വത്തിനുള്ളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നുണ്ട്. സ്ഥിതിഗതികൾ ശാന്തമാക്കാൻ കേന്ദ്ര നേതൃത്വം തീവ്രശ്രമത്തിലാണ്.