വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് അവസാനം കരോലിൻ സ്ഥാനമൊഴിയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
തന്റെ കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാനാണ് കരോലിൻ പ്രസ് സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നും എന്നാൽ സ്ഥാനമൊഴിഞ്ഞാലും അവർ മുതിർന്ന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് ഇതോടൊപ്പം അറിയിച്ചു.
കരോലിന്റെ തീരുമാനത്തെ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് അവർ തന്റെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളാണെന്നും വിശേഷിപ്പിച്ചു. വരാനിരിക്കുന്ന മിഡ്-ടേം തെരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിയുടെ മുഖ്യ ഉപദേശകയായി അവർ പ്രവർത്തിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.