കരുനാഗപ്പള്ളി: നഗരത്തിലെ പ്രധാന വ്യവസായ കേന്ദ്രമായ മാര്‍ക്കറ്റില്‍ ഒന്നിലധികം കടകളില്‍ വ്യാപക മോഷണം. പണവും സാധനങ്ങളും നഷ്ടപ്പെട്ട സംഭവത്തില്‍ വ്യാപാരികളുടെ പരാതിയെത്തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മാര്‍ക്കറ്റിലെ എന്‍എസ് ഇലക്ട്രിക്കല്‍സ് ഉടമ രാജീവന്റെ കടയില്‍ കയറിയ മോഷ്ടാക്കള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 70,000 രൂപ കവര്‍ന്നു. കടയുടെ എക്സ്ഹോസ്റ്റ് ഫാന്‍ ഇരുന്ന ഭാഗത്തെ ഹോള്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അതേസമയം കടയിലുണ്ടായിരുന്ന ഇലക്ട്രിക്കല്‍ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമ അറിയിച്ചു.
സമീപത്തെ സിവി ഇലക്ട്രിക് കടയുടെ ഷീറ്റ് പൊളിച്ച് അകത്തുകടന്ന സംഘം പേഴ്സിലുണ്ടായിരുന്ന പണം കവര്‍ന്നു. പുഷ്പന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന് മേശയിലുണ്ടായിരുന്ന 2,000 രൂപയും മോഷ്ടിച്ചു. തൊട്ടടുത്തുള്ള കോഴിക്കടയിലും സമാന രീതിയില്‍ മോഷണം നടന്നിട്ടുണ്ട്.
വേലിയില്‍ പാത്രക്കട, ജിഐടി. സൂപ്പര്‍മാര്‍ക്കറ്റ് എന്നീ സ്ഥാപനങ്ങളിലും മോഷ്ടാക്കള്‍ പ്രവേശിച്ചെങ്കിലും പണമൊന്നും കണ്ടെത്താനാകാത്തതിനാല്‍ ഇവിടെ നിന്ന് കാര്യമായ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.
സംഭവത്തില്‍ വ്യാപാരികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തിട്ടുണ്ട്.